പൂവാർ : പുല്ലുവിള ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നാലും അതിൽ കൂടുതലും മക്കളുള്ള വലിയ കുടുംബങ്ങളുടെ സംഗമം നടത്തി. ഒക്ടോബർ 25-ന് പൂവാർ ഇടവകയിൽ ഫൊറോന വൈദിക കോഡിനേറ്റർ ഫാ. ജോസഫ് ഭാസ്കറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും അറുപതോളം വലിയ കുടുംബങ്ങൾ പങ്കെടുത്തു. സ്നേഹവും കരുതലും നൽകി ദൈവത്തിന്റെ സമ്മാനങ്ങളായ മക്കളെ വളർത്തി ഉന്നത വിദ്യാഭ്യാസം നല്കുവാനും സമൂഹത്തിന് മാതൃകയാകുവാനും വലിയയകുടുംബങ്ങൾക്ക് സാധിക്കണമെന്ന് ഫാ. ജോസഫ് ഭാസ്കർ പറഞ്ഞു.
വലിയ കുടുംബങ്ങൾക്ക് ജീവൻ സമൃദ്ധി പദ്ധതിവഴിയും അല്ലാതെയും അതിരൂപത കുടുംബശുശ്രൂഷ നൽകുന്ന കരുതലുകളെക്കുറിച്ച് ആനിമേറ്റർ സുശീല ജോ വിശദീകരിച്ചു. തുടർന്ന് വെള്ളയമ്പലം ഇടവകയിലെ 6 മക്കളുടെ മാതാപിതാക്കളായ ബിനോജ് വൃന്ദ ദമ്പതികൾ വലിയ കുടുംബങ്ങളിലുള്ള ദൈവ പരിപാലനയെക്കുറിച്ചും സാമൂഹിക കരുതലിനെക്കുറിച്ചും കുടുംബങ്ങളിൽ പ്രാർത്ഥനയും വിശ്വാസവും കൂട്ടി ഉറപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന കൃപകളെക്കുറിച്ചും ക്ലാസ് നയിച്ചു. പൂവാർ ഇടവക കുടുംബശ്രൂഷ കൺവീനർ മേരി സ്റ്റെല്ല സ്വാഗതവും, പരുത്തിയൂർ ഇടവക കുടുംബ ശുശ്രൂഷ സമിതി കൺവീനർ ശ്രീമതി സിനു ബെനഡിക്ട് കൃതജ്ഞതയും പറഞ്ഞു.

