വെള്ളയമ്പലം: രുവനന്തപുരം അതിരൂപതയിൽ അന്താരാഷ്ട്ര വനിതാദിനം കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സമിതികളിലെ വനിതകൾ സംയുക്തമായി ആഘോഷിച്ചു. വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്ന ദിനാചരണ പരിപാടിയിൽ ഇൻഡക്സ് ആൻഡ് ഡിസബിലിറ്റി മിഷൻ കേരളയുടെ പ്രസിഡന്റ് ഡോ. എഫ് എം നാസർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവും സ്ത്രീ നേതൃത്വവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.
തുടർന്ന് അതിരൂപത KLCWA പ്രസിഡന്റ് ജോളി പത്രോസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കിഫ്ബി ഡെപ്യൂട്ടി CEO മിനി ആന്റണി IAS ഉദ്ഘാടനം ചെയ്തു. വിവിധ കാലഘട്ടത്തിലെ രാഷ്ട്രീയ മേഖലയിലെ സ്ത്രീമുന്നേറ്റങ്ങളെ ചൂണ്ടിക്കാണിച്ച അവർ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിൽ സ്ത്രീകൾ മുന്നേറുവാൻ ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തി. സഭയുടെ കരുത്ത് സ്ത്രീകളാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ആശാവർക്കർമാർ നടത്തുന്ന സമരത്തിനുള്ള പിന്തുണ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര, അല്മായ ശൂശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് വനിതാദിന സന്ദേശം നൽകി. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ക്രിസ്റ്റ ബെൽ അതിരൂപത കെ സി വൈ എം വൈസ് പ്രസിഡന്റ് കുമാരി ആൻസി സ്റ്റാൻസിലാസ് ഭക്തസംഘടന പ്രതിനിധി റീന ഷാജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
വിവിധ മേഖലകളിൽ നിന്ന് പ്രഗൽഭരായ മരിയ റോസ് തോമസ്, റെയ്ച്ചൽ രേണുക ബൈജു , മേരി ലിജിത, കൊച്ചുത്രേസ്യ, അനിത റായ്, ജെസ്സിന്താ, സെലിൻ സോളമൻ, കുമാരി ആര്യ എസ് എസ്, കുമാരി മെറിൻ എം എസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. അതിരൂപത KLCWA സെക്രട്ടറി വിമല സ്റ്റാൻലി സ്വാഗതവും പ്രോഗ്രാം കൺവീനർ സുശീല ലോപ്പസ് കൃതജ്ഞതയും അർപ്പിച്ചു. യുവജന ശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിന സന്ദേശം പകരുന്ന് ഫ്ലാഷ്മോബും, പേട്ട ഫൊറോനയുടെ നൃത്താവിഷ്ക്കാരവും ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി.