വെള്ളയമ്പലം: കുടുംബങ്ങളുടെ സമഗ്ര വളർച്ചയും വീണ്ടെടുപ്പും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശുശ്രൂഷ എല്ലാ വർഷവും പ്രത്യേക വിഭാഗങ്ങളെ അനുധാവനം ചെയ്യുവാൻ തുടക്കം കുറിക്കുന്ന പരിപാടിയാണ് ക്രിസ്തുമസ് സ്മൈൽ. ഈ വർഷത്തെ ക്രിസ്തുമസ് സ്മൈൽ ഡിസംബർ 21 ശനിയാഴ്ച വെള്ളയമ്പലം റ്റി.എസ്.എസ്.എസ് ഹാളിൽ വച്ചുനടക്കും. ഈ വർഷം പ്രത്യേക അജപാലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് 45 വയസിന് താഴെയുള്ള വിധവകളെയാണ്.
അന്നേദിനം രാവിലെ 9 മണിക്ക് ആരാധനയോടുകൂടി ആരംഭിക്കുന്ന പരിപാടിയുടെ പൊതുസമ്മേളനത്തിൽ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബഹു. മിനി ആന്റണി IAS സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ പ്രൊഫ. ഐറിസ് കൊയിലോ ക്ലാസ് നയിക്കും. ഉച്ചഭക്ഷണത്തിനുശേഷം ക്രിസ്തുമസ് കലാപരിപാടികളും, ഗെയിംസും നടക്കും. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ക്രിസ്തുമസ് കേക്ക് മുറിച്ച് ക്രിസ്തുമസ് സന്ദേശം നല്കും. തുടർന്ന് ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറും. ക്രിസ്തുമസ് സ്മൈൽ 2024- ൽ പങ്കെടുക്കുന്നവരെ കുടുംബശുശ്രൂഷ പ്രവർത്തകരും ആനിമേറ്റേഴ്സും ഇടവകതലത്തിൽ ഭവനസന്ദർശനം നടത്തി ജീവിതാവസ്ഥകൾ പഠിച്ചതിനുശേഷമാണ് ഇവരുടെ അനുധാവനത്തിനായി സംഗമം നടത്തുന്നതെന്ന് കുടുംബശൂശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് പറഞ്ഞു.
വൈകുന്നേരം 6 മണിക്ക് കുടുംബ ശുശ്രൂഷയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഉപകാരികൾ, സന്നദ്ധ പ്രവർത്തകർ, റിസ്സോഴ്സ് പേഴ്സൺ, ആനിമേറ്റേഴ്സ്, കൗൺസിലേഴ്സ് എന്നിവരുടെ സംഗമം നടക്കും. ചടങ്ങിൽ ബിഷപ് ക്രിസ്തുദാസ് മുഖ്യാഥിതിയായിരിക്കും. ഡിസംബർ 22 ഞായറാഴ്ച ബധിര മൂകരുടെ സംഗമവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് നടക്കും.
മുൻ വർഷങ്ങളിൽ ഏകസ്ഥർ, ബധിര മൂകർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മക്കളില്ലാത്ത ദമ്പതികൾ, പ്രായമായിട്ടും വിവാഹ ജീവിതത്തിൽ പ്രവേശിക്കാത്തവർ എന്നിവരെ ക്രിസ്തുമസ് സ്മൈൽ പരിപാടിയിലൂടെ സംഗമം നടത്തി അനുധാവന പ്രവർത്തനങ്ങൾ കുടുംബശുശ്രൂഷ നടത്തി വരുന്നു.