വത്തിക്കാൻ സിറ്റി: 2021ൽ നടത്തിയ ഇറാഖ് സന്ദർശനവേളയിൽ തനിക്കു നേരെ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് പാപ്പയുടെ വെളിപ്പെടുത്തൽ. ഭീകരർ ചാവേർ സ്ഫോടനത്തിനായിരുന്നു പദ്ധതിയിട്ടത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘം ഇതേക്കുറിച്ച് ഇറാഖ് പൊലീസിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഭീകരരെ വധിച്ചത്.
ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ മുസ്സോയുമായിച്ചേർന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചിൽ. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സ്ഫോടകവസ്തുക്കൾ ദേഹത്തൊളിപ്പിച്ച പെൺചാവേർ, ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോർട്ട്. അതനുസരിച്ച് ഇറാഖി പൊലീസ് ഭീകരരെ തടഞ്ഞതോടെ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപ് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ഇറാഖ് സന്ദർശിച്ച ആദ്യ പാപ്പയാണ് ഫ്രാൻസിസ് പാപ്പ. 2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലധികം രാജ്യങ്ങളിൽ പുസ്തകം പ്രസിദ്ധീകരിക്കും.