തിരുവനന്തപുരം: തദ്ദേശസ്ഥാപന വാർഡ് വിഭജനത്തിൽ തീരമേഖലയിലെ വീടുകൾ രേഖപ്പെടുത്തിയതിൽ ഗുരുതര വീഴ്ച. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ ആയിരക്കണക്കിനു വീടുകളെ ഒഴിവാക്കി. ജനസംഖ്യയുടെ തുല്യ വിഭജനത്തിലൂടെ വാർഡ് രൂപീകരിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. വാർഡ് വിഭജനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തുടക്കം മുതൽ വിവിധ രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നുണ്ട്. രാഷ്ട്രീയത്തിനു പിന്നാലെ വിഷയം നിയമ പോരാട്ടത്തിനും വഴി തുറക്കുകയാണ്.
തീരപരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ അനധികൃതമെന്നു കണക്കാക്കിയ വീടുകളാണ് വാർഡ് വിഭജനത്തിൽ പരിഗണിക്കാതിരുന്നത്. വീടുകൾക്കു നമ്പരില്ലെന്നാണ് കാരണം പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ കഠിനംകുളം പഞ്ചായത്തിൽ മാത്രം ആയിരത്തിലധികം വീടുകൾ ഒഴിവാക്കിയതായി കണ്ടെത്തി. പഞ്ചായത്തിലെ 30% വീടുകൾ ഒഴിവാക്കിയെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ പ്രതിപക്ഷ കക്ഷികൾ ഉയർത്തിയ പ്രതിഷേധത്തിന് മറുപടി പറയാതെ ഭരണപക്ഷം യോഗം പിരിച്ചുവിട്ടു.