തഞ്ചാവൂർ: വേളാങ്കണ്ണി മാതാവിൻറെ തിരുന്നാളിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ ആശംസകളും ആശീർവാദവും നേർന്നുക്കൊണ്ടുള്ള കത്ത് തഞ്ചാവൂർ രൂപതയുടെ ബിഷപ് സഹായരാജ് തമ്പുരാജിന് ലഭിച്ചു. വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസാണ് ഫ്രാൻസിസ് പാപ്പയുടെ ആശംസകളടങ്ങിയ കത്തയച്ചത്. ആഗസ്റ്റ് 6-ാം തീയതി ചൊവ്വാഴ്‌ചയാണ് കത്ത് പരസ്യപ്പെടുത്തിയത്.
ആഗസ്റ്റ് 29 മുതൽ സെപ്തംബർ 8 വരെയാണ് ഇക്കൊല്ലത്തെ തിരുനാൾ. മറിയത്തെ ധ്യാനിക്കുകവഴി നമുക്ക്,നമ്മുടെ സങ്കടങ്ങളെയും വേദനകളെയും ഭയങ്ങളെയും സുഖപ്പെടുത്താൻ കഴിയുന്ന യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും വിശ്വാസത്തോടും സ്നേഹത്തോടും ചെറിയൊരു സമയമെങ്കിലും പരിശുദ്ധ അമ്മയുടെ മുമ്പാകെ നാം നില്ക്കുകയാണെങ്കിൽ നമുക്ക് സമാധാനം വീണ്ടെടുക്കാൻ കഴിയുമെന്നും കർദ്ദിനാൾ വിക്ടർ കുറിക്കുന്നു.
വേളാങ്കണ്ണിയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തോടു ഫ്രാൻസീസ് പാപ്പായ്ക്കുള്ള മതിപ്പ് കത്തിൽ വെളിപ്പെടുത്തുന്ന അദ്ദേഹം അവിടെ എത്തുന്ന തീർത്ഥാടകർക്ക് പാപ്പാ ആശീർവ്വാദവും ആശംസകളും നല്കുന്നതായി അറിയിക്ക്ന്നു.