പുല്ലുവിള: സുവിശേഷ വൽക്കരണത്തിന്റെ അടിസ്ഥാന ഘടകമായ ബൈബിൾ വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് കൂടുതൽ പേരിലെത്തിക്കുന്ന പദ്ധതിയുമായി കൈകോർത്ത് പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി. ബൈബിൾ പ്രിന്റ് ചെയ്യുന്നതിനാവശ്യമായ പേപ്പർ നിർമ്മാണത്തിനായി പാഴ്കടലാസുകൾ ശേഖരിച്ചാണ് പുല്ലുവിള ഫൊറോന മാതൃകയായത്. ഫിയാത്ത് മിഷന്റെ കീഴിൽ പാപിറസ് എന്നപേരിൽ നടത്തുന്ന പദ്ധതിയിൽ ന്യൂസ് പേപ്പറുകൾ, നോട്ട് ബുക്കുകൾ, കാർഡ്ബോർഡുകൾ, മാഗസിനുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
അഗസ്റ്റ് ഒന്നാം തിയതി സൗത്ത്കൊല്ലങ്കോട്ഇടവകയിൽ നിന്നുമാരംബിച്ച പേപ്പർ ശേഖരണം ഫൊറോനയിലെ വിവിധ ഇടവകകളിലൂടെ കടന്നുപോയി. ആത്മാർത്ഥമായ പിന്തുണയാണ് കുടുംബങ്ങളിൽനിന്നും ലഭിച്ചതെന്ന് പിന്നണി പ്രവർത്തകർ വ്യക്തമാക്കി. ഈ സംരഭത്തിലൂടെ ഒരു ലോറി പേപ്പറാണ് ഫിയാത്ത് മിഷനിൽ എത്തിക്കാൻ കഴിഞ്ഞത്. ഫൊറോന കോ-ഓർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ, ഇടവകകളിലെ വൈദീകർ, അനിമേറ്റർ മേരിത്രേസ്യ മോറൈസ്, അജപാലന സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.