വത്തിക്കാൻ: വിശുദ്ധ കുർബാനയിൽ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾക്കൊപ്പമുണ്ടെന്ന് അൾത്താരശുശ്രൂഷികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ ഏവർക്കും പാപ്പായുടെ ആഹ്വാനം. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി നടന്ന, “അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനത്തിൽ” കുട്ടികളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ,
വിശുദ്ധ കുർബാനയിൽ തന്റെ തിരുശരീരരക്തങ്ങളാൽ സന്നിഹിതനാകുന്ന ക്രിസ്തുവും “ഞാൻ നിന്നോടൊപ്പമുണ്ട്” എന്നാണ് നമ്മോട് പറയുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. എന്നാൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന നിങ്ങൾ, യേശുവിനോടും ഇതേ വാക്കുകളിലൂടെയല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും, സ്നേഹം കൊണ്ടും, ഞാൻ നിന്നോടൊപ്പമാണെന്ന് പറയണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.
“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന് ഉദ്‌ബോധിപ്പിച്ച യേശുവിന്റെ വാക്കുകൾ, മറ്റുള്ളവരെ വ്യത്യസ്തമായ ഒരു രീതിയിൽ സ്നേഹിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത് നിങ്ങളുടെ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൾകൊണ്ടും, ഹൃദയം കൊണ്ടും, സാമീപ്യം കൊണ്ടും ആയിരിക്കണമെന്ന് പാപ്പാ വിശദീകരിച്ചു. മറ്റുള്ളവരെ മുൻവിധികളില്ലാതെ സ്നേഹിക്കാനും, ഏവരെയും ഉൾക്കൊള്ളാനും, കരയുന്നവർക്കൊപ്പം കരയാനും, ചിരിക്കുന്നവർക്കൊപ്പം ചിരിക്കാനും നിങ്ങൾ പരിശ്രമിക്കണമെന്ന് യുവജനങ്ങളെ പാപ്പാ ഉദ്‌ബോധിപ്പിച്ചു.