വത്തിക്കാൻ: പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല വഴിയായി ഫ്രാൻസിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. ‘സമർപ്പിതരായ സഹോദരീ, സഹോദരങ്ങളുടെയും, വൈദികവിദ്യാർത്ഥികളുടെയും രൂപീകരണം’, എന്നതാണ് മെയ് മാസത്തിലെ പ്രാർത്ഥനാനിയോഗത്തിന്റെ ശീർഷകം. ഫ്രാൻസിസ് പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:
“എല്ലാ ദൈവവിളിയും അസംസ്കൃതമായ ഒരു വജ്രമാണ്. അതിനെ സകല മേഖലകളിലും മിനുക്കിയെടുക്കുകയും, പരുവപ്പെടുത്തുകയും, ഉജ്ജ്വലമാക്കുകയും വേണം. ഒരു നല്ല പുരോഹിതൻ, ഒരു സമർപ്പിത , പ്രഥമമായി കർത്താവിന്റെ കൃപയാൽ രൂപീകരിക്കപ്പെട്ട ഒരു പുരുഷനും സ്ത്രീയും ആയിരിക്കണം. തങ്ങളുടെ പരിമിതികളെക്കുറിച്ച് അവർ ബോധമുള്ളവരും, പ്രാർത്ഥനയുടെ ജീവിതം നയിക്കാൻ തയ്യാറുള്ളവരും, സുവിശേഷത്തിന്റെ സാക്ഷ്യത്തോടുള്ള സമർപ്പണവും ഉള്ള ആളുകളായിരിക്കണം. അവരുടെ പരിശീലനം സമഗ്രമായിരിക്കണം.
അടിസ്ഥാനമായ ഒന്ന്, അവരുടെ സെമിനാരി പരിശീലന കാലഘട്ടത്തിലും, സന്യാസിനി സമൂഹത്തിലെ ആചാരങ്ങൾ പിന്തുടർന്ന് പഠിക്കുന്ന കാലയളവിലും, സഹജരുടെ ജീവിതത്തോട് ചേർന്നുള്ള ഒരു പരിശീലനമായിരിക്കണം അവർ നേടേണ്ടത്. എന്നാൽ ഈ പരിശീലനം ഒരു കാലഘട്ടം കൊണ്ട് അവസാനിക്കുന്നതുമല്ല. മറിച്ച് അത് വർഷങ്ങളോളം, ജീവിതകാലം മുഴുവൻ തുടരുന്നു. വ്യക്തിയെ ബൗദ്ധികമായും, മാനുഷികമായും, വൈകാരികമായും, ആത്മീയമായും സമന്വയിപ്പിക്കുന്ന ഒന്നാണ് പരിശീലനം. ബുദ്ധിമുട്ടേറിയതെങ്കിലും, സമൂഹത്തിൽ ഉള്ള കൂട്ടായ്മ ജീവിതവും, സമൂഹപരിശീലനവും നമ്മെ ശാക്തീകരിക്കുന്നു. ഒരുമിച്ചു വസിക്കുന്നതും, സമൂഹത്തിൽ ജീവിക്കുന്നതും എന്നാൽ ഒരേ കാര്യവുമല്ല. സുവിശേഷത്തിന്റെ വിശ്വസനീയരായ സാക്ഷികളാകാൻ മാനുഷികവും, അജപാലനപരവും, ആത്മീയവും, സാമൂഹികവുമായ പരിശീലനങ്ങളിലൂടെ തങ്ങൾക്കു ലഭിച്ച ദൈവവിളിയിൽ വളരുവാൻ അവർക്കുവേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.”