തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലും പൊഴിമുഖത്തും തുടരെ തുടരെയുണ്ടാകുന്ന അപകടങ്ങൾ കാരണം സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ. തിരുവനന്തപുരം അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു. 2006-ന് ശേഷം മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിനും എഴുപതിലധികം ജീവനുകൾ നഷ്ടപ്പെട്ടതിനും കാരണം സർക്കാർ അശാസ്ത്രീയമായി നിർമ്മിച്ച പുലിമുട്ടാണെന്നും പല പഠനങ്ങളിലും ഇതിനകം പുറത്തുവന്നിട്ടുള്ളതാണ്. 726 അപകടങ്ങളിലായി 73 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 700-ലേറെ പേർക്ക് ഗുരുതര പരിക്കേല്ക്കുകയും കോടികണക്കിന് രൂപതയുടെ തൊഴിൽ സാമഗ്രികൾ നശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വത്തിന് കാരണക്കാരായ, അശാസ്ത്രീയ നിർമ്മാണം നടത്തിയ സർക്കാർ ഇപ്പോൾ ഒളിച്ച് കളിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മൺസൂൺ, പോസ്റ്റ് മൺസൂൺ സീസണുകൾ പഠിച്ചതിനുശേഷം തെക്കുഭാഗത്തെ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും, പ്രവേശന കവാടം മാറ്റിസ്ഥാപിക്കണമെന്നും വിദഗ്ധ സമിതികൾ ഇതിനകം ശുപാർശ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കെ.എൽ.സി.എ അതിരൂപത പ്രസിഡന്റ് ശ്രീ പാട്രിക്, ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് സേവ്യർ എന്നിവർ ചൂണ്ടികാട്ടി.2023 ജൂലൈ മാസം 4 മത്സ്യത്തൊഴിലാളികൾ മരിച്ചതിനുശേഷം സർക്കാർ പ്രഖ്യാപിച്ച 7 പരിഹാര നടപടികൾ ഉടൻ നടപ്പിലക്കണമെന്നും ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരകാലം മുതൽ ലത്തീൻ സഭയോടും മത്സ്യത്തൊഴിലാളികളോടും കാണിക്കുന്ന അവഗണന സർക്കാർ അവസാനിപ്പിച്ചില്ലങ്കിൽ വീണ്ടും പ്രതിഷേധപരിപാടികളുമായി തീരനിവാസികൾ മുന്നിട്ടിറങ്ങുമെന്ന് പത്രക്കുറിപ്പിൽ കെ.എൽ.സി.എ നേതൃത്വം വ്യക്തമാക്കി. 2023 ജൂലൈ മാസം അടിയന്തിരമായി നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ്നല്കിയതും എന്നാലിതുവരെ നടപടികൾ സ്വീകരിക്കാത്തതുമായ സുരക്ഷാ പാക്കേജ്:
- മുതലപ്പൊഴിയില്‍ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങും. ലോങ്ങ് ബൂം ക്രെയിന്‍ റോഡ് മാര്‍ഗ്ഗം എത്തിച്ചാണ് പാറകളും അവശിഷ്ടങ്ങളും എടുത്തു മാറ്റുക. ഒപ്പം എക്സകവേറ്ററുകൾ ആവശ്യത്തിന് എത്തിച്ചു മണലും നീക്കം ചെയ്യും.
- സാന്‍ഡ് ബൈപ്പാസിങ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാനും ലോറിയില്‍മണല്‍ കൊണ്ടുപോകാനും തീരുമാനമായി. ഇതിനായി ഒരു കോടി രൂപ അനുവദിച്ചു. സാന്‍ഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്.
- മുതലപ്പൊഴിയില്‍ ആറ് ഹൈമാസ്റ്റ് വിളക്കുകള്‍ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുതിനായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കെല്‍ട്രോണുമായി ചര്‍ച്ച നടത്തും.
- മുതലപ്പൊഴിയില്‍ സുരക്ഷ മുന്‍നിര്‍ത്തി മുങ്ങല്‍ വിദഗ്ധരിലെ 22 പേരെകൂടി അധികമായി നിയമിക്കും. നിലവില്‍ എട്ട് പേരാണ് ജോലി ചെയ്യുന്നത്. ഡൈവിംഗ് വിദഗ്ധരായ ഇവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും.
- മുന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സുരക്ഷാ ജീവനക്കാര്‍ ജോലി ചെയ്യും. ഇതോടെ മുഴുവന്‍ സമയവും അവിടെ സുരക്ഷയ്ക്ക് ആളുണ്ടാവും.
- രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്പീഡ് ബോട്ടുകള്‍ ഉണ്ടാകും. സ്ഥലത്ത് 24×7 ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തും.
- മുതലപ്പൊഴിയില്‍ അപകടം ഒഴിവാക്കാന്‍ “ഇ-റിമോട്ട് കണ്ട്രോൾ ബോയ്’ സ്ഥാപിക്കും.