മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. ന് കീഴിലുള്ള ചൈൽഡ് കമ്മിഷൻ അതിരൂപതയിലെ കുട്ടികൾക്കായി ഏപ്രിൽ മാസം എട്ടാം തീയതി മുതൽ പത്താം തീയതി വരെ ഈശോയോട് കൂട്ടുകൂടാൻ എന്ന പേരിൽ അനുഗ്രഹ ഭവനിൽ വച്ച് ധ്യാനവും ക്യാമ്പും സംഘടിപ്പിച്ചു. അവധിക്കാലം ആരംഭിക്കുന്ന ഈ ദിവസങ്ങളിൽ ഈശോയോട് കൂടുതൽ അടുക്കുവാൻ കുട്ടികൾക്ക് ഈ ധ്യാന അവസരം സഹായകമായി. അതിരൂപതയിലെ 16 ഇടവകകളിൽ നിന്ന് 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന 217 കുട്ടികളാണ് ധ്യാനത്തിൽ പങ്കെടുത്തത്. അനുഗ്രഹ ഭവൻ ഡയറക്ടർ ബഹുമാനപ്പെട്ട മോൺ. ജോർജ് പോളിന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി ആരംഭിച്ച ധ്യാനം രണ്ടാം ദിവസം സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കുട്ടികളെ സന്ദർശിച്ച് അവരോടൊപ്പം കുറച്ചു സമയം പങ്കിട്ടത് ഹൃദ്യമായ അനുഭവമായി.
അവസാന ദിവസം ആരാധനയോടും കുമ്പസാരത്തോടും കൂടി ധ്യാനം സമാപിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളിലും കുട്ടികൾക്കായുള്ള കൂട്ടായ്മകൾ ആരംഭിക്കേണ്ടതും കുട്ടികളെ ദേവാലയത്തോട് ചേർത്ത് വളർത്തേണ്ടതും ചൈൽഡ് കമ്മിഷന്റെ ലക്ഷ്യമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ഡേവിഡ്സൺ ജസ്റ്റസ് സമാപന ചടങ്ങിൽ പറഞ്ഞു. ഫാ. വിജിൽ ജോർജ്ജ്, ഫാ. വർഗീസ്, ഫാ. സജിത്ത്, ഫാ. ജോൺ ജേക്കബ് എന്നിവർ ധ്യാനത്തിലും ക്യാമ്പിലും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി..