വത്തിക്കാന്‍: 2025 ജൂബിലി വർഷത്തിന് മുന്നോടിയായി, ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന പ്രാർത്ഥനാ വർഷത്തോട് അനുബന്ധിച്ച് പ്രാർത്ഥനാ സഹായി വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ‘ടീച്ച് അസ് ടു പ്രേ’ എന്ന് പേരിട്ടിരിക്കുന്ന പ്രാർത്ഥനാ സഹായി ഇറ്റാലിയൻ ഭാഷയിലാണ് പുറത്തിറക്കിയത്.
സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി തയാറാക്കിയ പ്രാർത്ഥനാ സഹായിയുടെ തര്‍ജ്ജമ പോർച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ് ഭാഷകളിലും ലഭ്യമാക്കും. ലൂക്കായുടെ സുവിശേഷം പതിനൊന്നാം അധ്യായം ഒന്നാം വാക്യത്തിൽ നിന്നാണ് പ്രാർത്ഥനാ സഹായിയുടെ പേര് തെരഞ്ഞെടുത്തത്.
ഫ്രാൻസിസ് പാപ്പയുടെ പ്രബോധനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പ്രാർത്ഥനയെ ദൈവമായുള്ള സംവാദമാക്കി മാറ്റാനുള്ള ഊർജിതമായ ക്ഷണമാണ് പ്രാർത്ഥനാ സഹായിയെന്ന് ഡിക്കാസ്റ്ററി വ്യക്തമാക്കി. യുവാക്കൾക്കും, സന്യസ്തർക്കും, മതബോധനം നടത്തുന്നവർക്കും അടക്കം പ്രാർത്ഥിക്കാൻ സാധിക്കുന്ന പ്രത്യേക ഭാഗങ്ങൾ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരി 21നു ഞായറാഴ്ചയാണ് പ്രാർത്ഥനാ വർഷത്തിന് തുടക്കമായത്. ദൈവത്തെ ശ്രവിക്കാനും, ദൈവത്തെ ആരാധിക്കാനും ദൈവത്തിന്റെ സാന്നിധ്യത്തിൽ ആയിരിക്കാനുള്ള ആഗ്രഹം വീണ്ടെടുക്കാൻ ഫ്രാൻസിസ് മാർപാപ്പയാണ് പ്രാര്‍ത്ഥന വര്‍ഷം പ്രഖ്യാപിച്ചത്.