കൊച്ചി∙ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ (68) തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് തോമസ് മൗണ്ടിലാണ് സ്ഥാനാരോഹണം. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു.
സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ പിതാവ്. തൃശൂർ രൂപതയുടെ സഹായ മെത്രാനുമായിരുന്നു. തൃശ്ശൂർ അതിരൂപതയിലെ തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണ് മാർ റാഫേൽ തട്ടിൽ ജനിച്ചത്. 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. 2010ൽ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനികമെത്രാനുമായി ഫാ. റാഫേൽ തട്ടിൽ നിയമിക്കപ്പെട്ടു. 2017 ഒക്ടോബർ 10 മുതൽ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ മാർ റാഫേൽ തട്ടിൽ പിതാവ് തൽസ്ഥാനത്ത് സേവനംചെയ്തു വരവേയാണ് പുതിയ നിയോഗം