വത്തിക്കാൻ: കൂട്ടായ്മയിൽ ഒരുമിച്ചു സഞ്ചരിച്ചുകൊണ്ട്, ഇനിയും കൃപയുടെ പ്രവാഹം സഭയിൽ കൊണ്ടുവരുവാൻ കരിസ്മാറ്റിക് കൂട്ടായ്മകൾക്ക് സാധിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണ കൂട്ടായ്മയുടെ സേവനകേന്ദ്രമായ കാരിസിന്റെ (CHARIS) അഞ്ചാം സ്ഥാപന വാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി നവംബർ നാലാം തീയതി ശനിയാഴ്ച്ച വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു.
ലോകത്തിലെ പല സ്ഥലങ്ങളിൽ ചെന്ന്, സാംസ്കാരികവും സാമൂഹികവും വ്യത്യസ്തവുമായ സഭാ ഗ്രൂപ്പുകളിൽ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതിന്റെ സമൃദ്ധി അറിയുവാൻ CHARIS കൂട്ടായ്മയ്ക്ക് സാധിക്കുന്നതിനെ പാപ്പാ പ്രശംസിച്ചു .അനുഭവങ്ങളുടെയും അറിവുകളുടെയും ബഹുസ്വരതയുടെ പങ്കുവയ്ക്കലിന് പാപ്പാ നന്ദി പറഞ്ഞു.
ആളുകൾക്ക്, ജീവിക്കുന്ന യേശുവിനോടും അവന്റെ വചനത്തോടും അവന്റെ ആത്മാവിനോടും, അവന്റെ സഭയോടും സ്നേഹവും അടുപ്പവും തോന്നത്തക്ക രീതിയിലുള്ള അന്തരീക്ഷം ഒരുക്കുന്നതിന് കരിസ്മാറ്റിക്ക് പ്രസ്ഥാനം എടുക്കുന്ന വിലമതിയാത്ത സംഭവനകളെയും പാപ്പാ അനുസ്മരിച്ചു. ജീവിതത്തെക്കുറിച്ചുള്ള ആരോഗ്യപരമായ ചിന്തകൾ ഉൾക്കൊള്ളുന്ന സെമിനാറുകളും മറ്റും ഇടവകതലത്തിലും, കൂട്ടായ്മതലത്തിലും നടത്തിക്കൊണ്ടു പന്തക്കുസ്താനുഭവം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു.പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ അനുഭവത്തിൽ ജീവിക്കുന്ന ആളുകളുടെ ആത്മീയ ആഴവും വിശുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ കരിസ്മാറ്റിക്ക് കൂട്ടായ്മയ്ക്കുള്ള പങ്കും പാപ്പാ എടുത്തുപറഞ്ഞു.