കോട്ടയം: ചില മതവിഭാഗങ്ങള്‍ക്കു മാത്രമായി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍. സച്ചാര്‍ റിപ്പോര്‍ട്ടിന്റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തില്‍ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിനു മാത്രമായി ആവിഷ്കരിക്കുന്ന പദ്ധതികള്‍ ന്യൂനപക്ഷ പദ്ധതികള്‍ എന്ന ലേബലില്‍ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ശരിയല്ലായെന്നും ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യമായി അര്‍ഹതയുണ്ടെന്നിരിക്കെ ക്രൈസ്തവരുള്‍പ്പെടെ ഇതര വിഭാഗങ്ങളോടു കാണിക്കുന്ന നീതിനിഷേധം ധിക്കാരപരമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരിട്ടു നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിതരണവും ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണവിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്റെ പേരില്‍ ക്ഷേമം മുഴുവന്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ െ്രെകസ്തവര്‍ക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല.