അധ്യാപകനിയമനങ്ങൾ അംഗീകരിക്കുക,ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വൈസ് ചെയര്‍മാന്‍ ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി, ബിഷപ്പ് തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപക പ്രതിനിധികളും മാനേജ്മെന്‍റുപ്രതിനിധികളും സെക്രട്ടറിയേറ്റ് നടയില്‍ ഉപവസിച്ചു സമരം നടത്തി.
2016ലെ കെ.ഇ.ആര്‍ ദേഭഗതിയെ തുടര്‍ന്ന് സംജാതമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവിലുളള സംരക്ഷിതാധ്യാപകരെ സ്വീകരിച്ചുകൊണ്ട് ഒരു വണ്‍ടൈം സെറ്റില്‍മെന്‍റ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എങ്കിലും പ്രശ്നങ്ങള്‍ പരിഹൃതമായില്ല.
കെ.ഇ.ആര്‍ ഭേദഗതിയിലൂടെ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളില്‍ 50% സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
5 വര്‍ഷമായി നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ സമരരംഗത്താണ്. തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ മൂന്നാഴ്ച പിന്നിട്ട റിലേ ഉപവാസ സമരമുള്‍പ്പടെ 6 ജില്ലാ കളക്ട്രേറ്റുകള്‍ക്കുമുന്നില്‍ (തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കൊല്ലം) അധ്യാപകര്‍ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും സംയുക്തമായി കഴിഞ്ഞ ആഴ്ച എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്. സമരം അഭിവന്ദ്യ സൂസപാക്യം പിതാവ് ഉദ്‌ഘാടനം ചെയ്തു.