രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായും കെസിവൈഎം സംസ്ഥാന സമിതി ജനുവരി 26 റിപബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.
അന്നേ ദിനം കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ദൈവാലയങ്ങളിലും കെ.സി.വൈ.എം. യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളേയും വിശ്വാസികളെയും ഉൾപ്പെടുത്തി ദേശീയ പതാക ഉയർത്തുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും, ബോധവത്കര റാലികൾ നടത്തുകയും ചെയ്യും. .
ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതീനുള്ള നീക്കങ്ങളെ നമുക്ക് ഒറ്റകെട്ടായി നേരിടണമെന്നും, ഇടവകളിലും രൂപതാ കേന്ദ്രങ്ങളിലും ഭരണഘടന സംരക്ഷണ ദിനം സമുചിതമായി ആചരിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ രൂപത സമിതികൾ ചെയ്യണമെന്നും കെസിവൈഎം സംസ്ഥാന സമിതിക്കുവേണ്ടി, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ ആവശ്യപ്പെട്ടു.