ലഖ്‌നൗ, 2020 മെയ് 25: യൂ. പി. സംസ്ഥാനത്ത് നിന്ന് തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ആദ്യം അനുമതി തേടേണ്ടിവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലോക്ക്ഡൗൺ മാറ്റുകയും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്താൽ സംസ്ഥാനം എങ്ങനെയാണ് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജോലിക്കുവേണ്ടിയുള്ള കുടിയേറ്റത്തെ നിരീക്ഷിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തിനകത്ത് തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാൻ സഹായിക്കുന്നതിനായി യു. പി. സർക്കാർ ഒരു കുടിയേറ്റ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ഉത്തർപ്രദേശിനുള്ളിൽ തന്നെ അവർക്ക് ജോലി ലഭിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് ഞാൻ എന്റെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” യോഗി ആദിത്യനാഥ് മാധ്യമങ്ങളുമായുള്ള ഒരു ഓൺലൈൻ ആശയവിനിമയത്തിനിടെ പറഞ്ഞു.
“മറ്റേതെങ്കിലും സംസ്ഥാനത്തിന് ഈ തൊഴിലാളികളെ വേണമെങ്കിൽ, ഞങ്ങൾ അവർക്ക് ഇൻഷുറൻസും സാമൂഹിക സുരക്ഷയും നൽകും.. എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ യു,പി. തൊഴിലാളികളോടുള്ള പെരുമാറ്റം മോശമായിരുന്നു. അതിനാൽ ഗവണ്‍മെന്‍റ് അനുമതിയില്ലാതെ ആളുകളെ ഇവിടെ നിന്ന് കൊണ്ടുപോകാൻ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ സാവധാനത്തിൽ എടുത്തുമാറ്റാന്‍ ആരംഭിച്ചതു മുതൽ, നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും വ്യാവസായിക പ്രവർത്തനങ്ങള്‍ക്കും ആവശ്യമാണെന്ന കാരണം പറഞ്ഞ് കർണാടക പോലുള്ള സംസ്ഥാനങ്ങൾ കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്ത് തന്നെ നിലനിർത്താൻ ശ്രമിക്കുകയായിരുന്നു. പല വ്യവസായ സ്ഥാപനങ്ങൾക്കും ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിലും കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് പോകുന്നത് തടയാൻ തമിഴ്‌നാടും ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
നിർദ്ദിഷ്ട കമ്മീഷൻ കുടിയേറ്റ തൊഴിലാളികൾക്ക് എല്ലാത്തരം സൗകര്യങ്ങളും ഒരുക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. “കുടിയേറ്റ തൊഴിലാളികൾ എവിടെ പോയാലും ഞങ്ങൾ അവര്‍ക്കൊപ്പം നിൽക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 2 ദശലക്ഷത്തിലധികം കുടിയേറ്റക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തി. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ആളുകൾ ട്രെയിൻ വഴിയോ ബസുകളിലോ അനധികൃതമായി ട്രക്കുകൾ വഴിയോ ഉത്തർപ്രദേശിലേക്ക് ഒഴുകുകയാണ്. കൂടുതൽ പേർ കാൽനടയായി അല്ലെങ്കിൽ ഓട്ടോറിക്ഷ പോലുള്ള വ്യക്തിഗത ഗതാഗത മാർഗ്ഗങ്ങൾ തിരിച്ചെത്തിയതായും കണക്കാക്കപ്പെടുന്നു.
കൊറോണ വൈറസ് പോസിറ്റീവായി യുപിയിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തെ മറ്റ് രോഗികളേക്കാൾ വേഗത്തിൽ സുഖം പ്രാപിക്കുകയാണെന്നും ഇതേ യോഗത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നിരുന്നാലും, ഈ അവകാശവാദത്തിന് തെളിവൊന്നും നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.