റോം: പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ ഇളവ് വരുത്തുന്നതിനെതിരെ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പരാമര്‍ശം നടത്തിയ ‘ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈകും. ബെനഡിക്ട് പാപ്പയെ പുസ്തകത്തിന്റെ സഹ-രചയിതാവ് എന്ന പേരോടെയാണ് പ്രസാധകര്‍ ചൂണ്ടിക്കാട്ടിയിരിന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിന്‍ വെളിപ്പെടുത്തി. എമിരിറ്റസ് പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ അറിയിക്കുകയും പുസ്തകത്തിന്റെ കവര്‍ പേജില്‍ നിന്ന്‍ പാപ്പയുടെ ചിത്രവും സഹരചിയതാവ് എന്ന പേരും പൂർണമായും ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെതായി അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പൗരോഹിത്യ ബ്രഹ്മചര്യത്തെ ശക്തമായി പിന്തുണച്ചു കൊണ്ടുള്ള പുസ്തകത്തിലെ പാപ്പയുടെ പ്രസ്താവന നൂറു ശതമാനം ശരിയാണെന്നും ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിന്‍ വ്യക്തമാക്കി. കർദ്ദിനാൾ റോബർട്ട് സാറ ഒരു പുസ്തകം തയ്യാറാക്കുന്നുണ്ടെന്ന് അറിവുണ്ടായിരുന്ന ബെനഡിക്ട് പാപ്പ പൗരോഹിത്യത്തെക്കുറിച്ചുള്ള തന്റെ ചില ചിന്തകൾ കർദ്ദിനാൾ സാറക്ക് നൽകിയിരുന്നു. എന്നാൽ സഹ – രചയിതാവ് എന്ന ടൈറ്റിലോ, ആമുഖത്തോടെപ്പം തന്റെ ഒപ്പ് കൂട്ടി ചേർക്കാനോ തുടങ്ങിയ കാര്യങ്ങളോ അദ്ദേഹത്തിന് അറിവുള്ള കാര്യമായിരുന്നില്ലായെന്ന് പൊന്തിഫിക്കൽ ഹൗസിന്റ പ്രിഫെക്ടു കൂടിയായ ജോർജ് ഗാൻസ്വെയിന്‍ റോമിൽ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിൽ വിവരിച്ചു.
(കടപ്പാട് : പ്രവാചകശബ്ദം)