കൊറോണ വൈറസിനെ അടിച്ചമർത്താൻ ഇന്ത്യമുഴുവൻ പ്രതിസന്ധിയിലായപ്പോൾ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര രൂപതയുടെ സാമൂഹിക സേവന കേന്ദ്രമായ സേവാകേന്ദ്ര, സിലിഗുരി മേഖലയിൽ കോവിഡ് -19 ബോധവത്കരണ പ്രവർത്തനങ്ങളിലായിരുന്നു. കോവിഡ് -19 നെക്കുറിച്ച് ഗ്രാമീണരെയും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളെയും ബോധവത്കരിക്കുന്നതിനൊപ്പം ദുരിതാശ്വാസപ്രവർത്തനങ്ങളിലും അവർ ശ്രദ്ധകേന്ദ്രീകരിച്ചത് ശ്രദ്ധേയമായി.
സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 590 കിലോമീറ്റർ വടക്കായി ഹിമാലയത്തിന്റെ താഴ്‌വരയിൽ തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട നഗരമാണ് സിലിഗുരി. അവിടത്തെ ഗ്രാമീണർക്കും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്കും വ്യക്തിപരമായും അവരുടെ കുടുംബങ്ങൾക്കും വേണ്ട രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാൻ വേണ്ട മാർഗനിർദേശങ്ങളും പിന്തുണയും നൽകിയതായി സിലിഗുരി സേവാ കേന്ദ്ര ഡയറക്ടർ ഫാ. ഫെലിക്സ് ആന്റണി പിന്റോ പറഞ്ഞു.
കുട്ടികളുടെയും പോഷകാഹാരക്കുറവുള്ള സ്ത്രീകളുടെയും കാര്യത്തിൽ പ്രവർത്തകർ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. പോഷക ഭക്ഷ്യവസ്തുക്കൾ, സോപ്പുകൾ, സാനിറ്റൈസർ കുപ്പികൾ, മാസ്കുകൾ എന്നിവ വിതരണംചെയ്തു. രണ്ടായിരത്തോളം സ്കൂൾ കുട്ടികളിലേക്കും മൂവായിരത്തോളം പോഷകാഹാരക്കുറവുള്ള സ്ത്രീകളിലേക്കും തങ്ങളുടെ സഹായം എത്തിക്കാൻ കഴിഞ്ഞുവെന്ന് പ്രവർത്തകർ കരുതുന്നു.
പശ്ചിമബംഗാളിലെ കൽക്കട്ട അതിരൂപതയ്ക്ക് കീഴിലെ ഡാർജിലിംഗ് രൂപതയിൽ നിന്ന് വിഭജിച്ച് 1997ൽ രൂപീകരിച്ച ബാഗ്ഡോഗ്ര രൂപതയുടെ സാമൂഹ്യ ശുശ്രൂഷക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് സേവാകേന്ദ്ര.
തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പൊതുവേ അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായ കുടിവെള്ളം, ആരോഗ്യ സംരക്ഷണം, മറ്റു സൗകര്യങ്ങളും കുറവാണ്. വ്യാപകമായ ദാരിദ്ര്യവും, പോഷകാഹാരക്കുറവും എന്നിവ അവർ അഭിമുഖീകരിക്കുന്നു. മിക്ക തൊഴിലാളികൾക്കും സർക്കാർ അവതരിപ്പിച്ച ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമല്ല. പശ്ചിമ ബംഗാളിന് പുറമെ എല്ലാ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും തോട്ടങ്ങൾ സാധാരണമാണ്. രാജമല ദുരന്തത്തിലൂടെ തേയിലത്തോട്ടങ്ങളിലെ ജീവിതങ്ങൾ കേരളത്തിൽ വീണ്ടും ചർച്ചാവിഷയമായ സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾ ശ്രദ്ധേയമാകുന്നു.