ടി.പീറ്റര്‍ അന്തരിച്ചു.കേരളത്തിലെ മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളെ പരമ്പരാഗതമല്‍സ്യത്തൊഴിലാളികലുടെ കാഴ്ചപ്പാടിലൂടെ കാണുകയും അവരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ടി.പീറ്റര്‍.കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക നേതൃത്വം നല്‍കിയ ഫാദര്‍ തോമസ് കോച്ചേരിയോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ടായിരുന്നു ടി.പീറ്റര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. ട്രോളിംഗ് സമരം തുടങ്ങി ഒട്ടേറെ സമരങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളിമേഖലയില്‍ കോച്ചേരിയോടൊപ്പം മുന്‍ നിരയില്‍ നിന്നു.നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഫാദര്‍ കോച്ചേരിക്കു ശേഷം പീറ്റര്‍ ഉയര്‍ന്നു വന്നു. സിസ്റ്റര്‍ ഫിലമെന്‍ മേരി. ഫാദര്‍.ആല്‍ബര്‍ട്ട് പരശ്ശുവിള, ലാല്‍ കോയിപറമ്പന്‍ പി.സ്റ്റെല്ലസ് തുടങ്ങി തീരമേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പമെല്ലാം പീറ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളോട് പ്രത്യേക ആഭിമുഖ്യമുള്ള പീറ്ററിന് ഈ മേഖലയിലെ റിംഗ്‌സീന്‍ പോലുള്ള അശാസ്ത്രീയ മല്‍സ്യബന്ധനരീതികളോട് മമതയുണ്ടായിരുന്നില്ല. എന്നാല്‍ കരമടി പോലുള്ള പരമ്പരാഗത മല്‍സ്യബന്ധനരീതി അന്യം നിന്നു പോകാതെ കാത്തുസൂക്ഷിക്കണമെന്നും പീറ്റര്‍ ആഗ്രഹിച്ചു.
കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ത്ഥ്യമാകണമെന്ന ആഗ്രഹം നടപ്പിലായെങ്കിലും കേന്ദ്ര സംവിധാനത്തിന്റെ അപര്യപ്തതയും, പ്രവര്‍ത്തനത്തെയും വിമര്‍ശിക്കയും എതിര്‍ക്കുകയും ചെയ്യുവാനുള്ള ആര്‍ജ്ജവം പീറ്റര്‍ പുലര്‍ത്തിയിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദ്ദിഷ്ഠ കപ്പല്‍ പാത നമ്മുടെ മല്‍സ്യ കലവറയായ വെഡ്ജ്ബാങ്കിലൂടെ കടന്നു പോകുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ വരുന്ന നാളുകളില്‍ ആവിഷ്‌കരിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്‍റെ ഒഴിഞ്ഞുപോക്ക് പരമ്പരാഗത മല്‍സ്യബന്ധനമേഖലക്ക് വലിയ നഷ്ടം തന്നെയാണ്.
@നോട്ടിക്കല്‍ ടൈംസ് കേരള.