ബോംബെ അതിരൂപത അധ്യക്ഷനായി തുടരാൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ട നടപടിയെ സ്വാഗതം ചെയ്തു ഇന്ത്യയിലെ സഭാധ്യക്ഷന്മാർ. ഇതൊരു സദ്‌വാർത്തയാണെന്നും പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആൽവിൻ ഡി സിൽവ അഭിപ്രായപ്പെട്ടു.
2019 ഡിസംബർ 24 ന് 75 വർഷം പൂർത്തിയാക്കാനിരിക്കെ കർദിനാൾ ഗ്രേഷ്യസ് 2019 നവംബർ 30 ന് മാർപ്പാപ്പയ്ക്ക് നേരിട്ട രാജിക്കത്ത് സമർപ്പിച്ചിരുന്നു. ബദൽസംവിധാനം ഒരുക്കുന്നതുവരെ തൽസ്‌ഥാനത്ത് തുടരാൻ വത്തിക്കാനിലെ സുവിശേഷവത്കരണത്തിനുള്ള കോൺഗ്രിഗേഷനിൽ നിന്ന് അദ്ദേഹത്തിന് മറുപടി ലഭിച്ചു. മുംബൈയിലും ഇന്ത്യയിലും ആഗോളതലത്തിലും സഭയുടെ സേവനത്തിനായി കർദിനാൾ ചെയ്യുന്ന കാര്യങ്ങൾക്ക് അവർ നന്ദി അറിയിച്ചു.
ഇന്ത്യയിലെ കത്തോലിക്കാസഭയിലും ആഗോളതലത്തിലും പ്രകടമായ കർദിനാളിന്റെ കഴിവും അറിവും സഭാപരമായാ കാര്യങ്ങളിലെ അനുഭവവും കാരണം മുംബൈയിലെ ആളുകൾ ഇത്തരം ഒരു തീരുമാനം പ്രതീക്ഷിച്ചിരുന്നതായി ബിഷപ്പ് ഡി സിൽവ പറഞ്ഞു. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ ആറ് ഉപദേശകരിൽ ഒരാളായ കർദിനാൾ ഗ്രെഷ്യസ്, കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ്. ബോംബെ ആർച്ച് ബിഷപ്പായി തുടരുന്നതിനാൽ വീണ്ടും അതെ പദവിയിൽ തന്നെ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളതായും അറിയുന്നു. ഒരുവര്ഷം മുൻപ് അദ്ദേഹം ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷൻ പ്രസിഡന്റ് ആയിരുന്നു.