ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട ഒരു വിഭാഗം ആളുകളാണ് കുടിയേറ്റ തൊഴിലാളികളെന്ന് ലോക്കഡോൺ കാലം നമ്മെ ഓർമ്മിപ്പിച്ചു . മാർച്ച് 23 ന് ആദ്യ ലോക്കഡോൺ പ്രഖ്യാപിച്ചതുമുതൽ നീതി നിഷേധിക്കപ്പെട്ട അധസ്ഥിതവർഗമായി അവർ മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യ ജീവനേക്കാൾ സാമ്പത്തിക നേട്ടത്തിനാണ് കേന്ദ്രഗവൺമെന്റ് പ്രാധാന്യം നൽകിയത്. സാമ്പത്തിക പരിഷ്‌ക്കാരം മുൻനിർത്തി കുടിയേറ്റ തൊഴിലാളികളെ അവഗണിച്ചു. സാധാരണക്കാരെന്നും, കുടിയേറ്റക്കാരെന്നും, അന്യസംസ്ഥാന തൊഴിലാളികളെന്നും എന്ന് വിശേഷിപ്പിക്കപ്പെട്ട ആ ജനത കോവിഡ് കാലത്ത് ഇന്ത്യക്കാരല്ലാതായി മാറുന്നതിന് നാം സാക്ഷിയായി. ഇത്രയേറെ ദരിദ്രരും സാധാരണക്കാരുമുള്ള നാട്ടിൽ എങ്ങനെ വിശപ്പടക്കും എന്നു പറയാതെ നാം അവരെ സ്വാഭിമാനം നഷ്ടപ്പെട്ട ജനതയാക്കി. തൊഴിലാളികളെ ശ്വാസം മുട്ടിച്ച ദിനങ്ങൾ. ഇന്ത്യയുടെ സാമ്പത്തികമേഖലയുടെ വലിയ പങ്ക് ഇവരെ ആശ്രയിച്ചു നിൽക്കുന്നു എന്നത് ബോധപൂർവ്വം നാം മറന്നു. നിർമ്മാണ മേഖല, വ്യവസായങ്ങൾ, ചെറുകിട വ്യാപാരം, ഖനനം, കൃഷി ഇതെല്ലാം ഇവരെ ആശ്രയിച്ചാണ് നില്കുന്നത്. കൊറോണ കാലത്തിനു ശേഷം നാം അനുഭവിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി പഴയ മേഖലയിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരുക എന്നതാകും. മാത്രമല്ല സ്വന്തം നാടുകളിലേക്ക് മടങ്ങിപോയവർക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ, തൊഴിലില്ലായ്മാ ഇതെല്ലം നാം മുന്നിൽ കാണേണ്ടിയിരിക്കുന്നു. കുടിയേറ്റ തൊഴിലാളികൾകൾക്കുവേണ്ടിയുള്ള സമഗ്രമായ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരും ദിവസങ്ങളിൽ ആവിഷ്‌ക്കരികേണ്ടിയിരിക്കുന്നു.