കഴിഞ്ഞദിവസം കാലംചെയ്ത വലിയ മെത്രാപ്പോലീത്തായുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ദുഃഖാർത്തരായ സഭാവിശ്വാസികളോടും വൈദികശ്രേഷ്ഠരോടും ബന്ധുക്കളോടും ചേർന്നു നിന്നുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്താ.
ഓരോരുത്തരും മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം എന്ന് പൗലോസ് അപ്പോസ്തലൻ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വലിയ മെത്രാനായിരുന്നു അദ്ദേഹം എന്ന് പിതാവ് ഓർമിപ്പിച്ചു. കഴിഞ്ഞ പ്രാവശ്യം താൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോഴും കൊല്ലത്ത് കെ ആർ എൽ സി സിയുടെ സമ്മേളനം നടന്നപ്പോഴും തൻറെ ശാരീരിക അവശതകളെ വകവയ്ക്കാതെ തിരുവല്ലായിൽ നിന്നും എത്തിച്ചേർന്നു കൊണ്ട് നമ്മോടുള്ള അദ്ദേഹത്തിൻറെ സ്നേഹവും കരുതലും പ്രകടമാക്കിയിരുന്നു. ഒപ്പം രണ്ടു പ്രാവശ്യം അദ്ദേഹമെന്നെ മാരാമൺ കൺവെൻഷന് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിൻറെ സുഖ വിവരം അന്വേഷിച്ചു ഫോൺ ചെയ്തപ്പോഴും, ഒരു പിതാവിനടുത്ത സ്നേഹവും കരുതലും നൽകിയിരുന്ന വലിയമെത്രാപ്പോലീത്ത ഇത്ര പെട്ടെന്ന് യാത്രയാകുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.