കാലവർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇനിയും കടകയറ്റത്തിന് അറുതിയുണ്ടാകുന്നില്ല. വലിയതുറയിൽ നിന്നു തുടങ്ങിയ തീരശോഷണം കൂടുതൽ കൂടുതൽ തീരങ്ങളിലേക്ക് വ്യാപിച്ചതോടെ ഗവൺമെൻറ് പ്രഖ്യാപിച്ചു നടപ്പിൽ വരുത്താൻ ശ്രമിച്ച പല പദ്ധതികളും പരാജയമാണെന്ന് വ്യക്തമാക്കുന്നു.
തീരശോഷണം പഠിക്കുവാനായി മറ്റൊരു സംഘം കൂടെ കടൽത്തീരത്ത് എത്തുകയാണ്. കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി വിദഗ്ധർ പുതിയ സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തി കൊണ്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ തീരത്തു എത്തും. സംസ്ഥാന തീരെ വികസന കോർപറേഷനും എൻ ഐ ഒ ടിയും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ സഹകരണ കരാർ ഒപ്പിട്ടു.
ഓഫ് ഷോർ ബ്രേക്ക് വാട്ടർ സാങ്കേതിക വിദ്യ ആയിരിക്കും ഇതുമായി ബന്ധപ്പെട്ടുണ്ടാകാൻ പോകുന്ന പുതിയ പരീക്ഷണം. തീരത്തു നിന്നും 300 മുതൽ 500 മീറ്റർ വരെ ദൂരത്തിൽ മണൽ നിറച്ച ജിയോ ട്യൂബുകൾ തീരത്തിന് സമാന്തരമായി നിക്ഷേപിക്കുന്നതാണ് പദ്ധതി. തമിഴ്നാട്ടിൽ പരീക്ഷിച്ച് വിജയിച്ച ഈ സാങ്കേതികവിദ്യ കടൽ ഭിത്തി നിർമ്മിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും, പാറക്ഷാമവും പരിഗണിച്ചാണ് കേരള തീരത്തും പരീക്ഷിക്കുക. പൂന്തുറ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ ആയിരിക്കും ആദ്യം നടപ്പിൽ വരുത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. രണ്ട് കിലോമീറ്റർ പദ്ധതി നടപ്പിൽ വരുത്താൻ 40 കോടിയാണ് ചെലവ്.