പൂന്തുറ തീരദേശത്ത് എത്തിയ ആരോഗ്യ പ്രവർത്തകർക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയതോടെ ഇന്നലെ സംഭവിച്ച ദൗർഭാഗ്യകരമായ കാര്യങ്ങള്‍ക്ക് അവസാനം ശുഭകരമായ പര്യവസാനം. ദുരന്തമുഖത്തെ കെടുകാര്യസ്ഥതക്കെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഇന്നലെ ശക്തമായ ജനരോഷമാണ് നേരിടേണ്ടിവന്നത്. പക്ഷേ ഇന്ന് ആരോഗ്യ പ്രവര്‍ത്തകരെ പൂക്കള്‍ വിതറിയും ബൊക്കെ നല്‍കിയും സ്വീകരിച്ചതോടെ മറ്റൊരു മുറിവിന്‍റെ സൗഖ്യത്തിനു കൂടി പൂന്തുറ സാക്ഷിയായി.
പൂന്തുറ ഇടവക ഇടവക വികാരി റവ. ഡോ. ബേബി ബേവിൻസൻ, വാര്‍ഡ് കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, വോളന്‍റാഴ്സ് ടീം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും, സൂപ്പര്‍ വൈസറും, പി, ആര്‍. ഒ. ജെസ്ലിന്‍ എന്നിവരടങ്ങിയ മുഴുവന്‍ ടീമിനെയും ആരോഗ്യ കേന്ദ്രത്തിലേക്ക് സ്വീകരിച്ചത്.
ഇന്നലെ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ന് മൊബൈൽ എടിഎം കൗണ്ടറും ഹോര്‍ട്ടിക്കോര്‍പ്പിന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും സഞ്ചരിക്കുന്ന വിപണന ശാലകളും മൊബൈല്‍ മാവേലി സ്റ്റോറും പ്രവർത്തനം ആരംഭിച്ചതോടെ പൂന്തുറയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിഞ്ഞിരിക്കുന്നു. അത്യാവശ്യ മരുന്നുകള്‍ വീട്ടിലെത്തിച്ച് നൽകുവാനുള്ള സംവിധാനത്തിനും ഇന്ന് തുടക്കം കുറിച്ചു. സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ക്വാറന്‍റൈന്‍ സെന്‍ററാക്കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നു.
അതിനിടെ തിരുവനന്തപുരം ജില്ലയുടെ ഉത്തരവാദിത്വമുള്ള ബഹു, മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടര്‍ ശ്രീമതി നവജോത് ഘോശയും ഇന്ന് രാവിലെ പുന്തുറയിലെത്തി ഇടവക പ്രതിനിധികളുമായും, ഇടവക വികാരിയുമായും ചര്‍ച്ച നടത്തി.