അരയതുരുത്തി: കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുളള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യം മുൻനിർത്തി ഫൊറോനതല യുവജന വർഷത്തിന് തുടക്കം കുറിച്ച് അഞ്ചുതെങ്ങ് ഫൊറോന സമിതി. കെ.സി.വൈ.എം. അഞ്ചുതെങ്ങ് ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ അരയതുരുത്തി ഇടവകയുടെ ആതിഥേയത്വത്തിൽ നടന്ന സമ്മേളനത്തിൽ ഫൊറോനതല യുവജന വർഷാരംഭവും, മെമ്പർഷിപ്പ് ക്യാമ്പയിനും, “അന്നമായി” എന്ന കാരുണ്യ പ്രവർത്തനവും ഉദ്ഘാടനവും ചെയ്തു.
2024 മെയ് 6 തിങ്കളാഴ്ച അരയതുരുത്തി ആൾ സെയിൻ്റ്സ് പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഫൊറോന പ്രസിഡന്റ് ശ്രീ. സാം സോളമൻ അധ്യക്ഷത വഹിച്ചു. പേട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. ഫൊറോന വൈസ് പ്രസിഡന്റ് ശ്രീമതി. ഡാലിയ സ്വാഗതം പറഞ്ഞു. കെ.സി.വൈ. എം. അതിരൂപത പ്രസിഡന്റ് ശ്രീ. സനു സാജൻ പടിയറൽ, കെ.സി.വൈ. എം. സംസ്ഥാന സെക്രട്ടറി കുമാരി മെറിൻ. എം. എസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് യുവജനങ്ങൾക്കായി നടന്ന ബോധവത്കരണ ക്ലാസുകൾക്ക് പേട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.ഡേവിഡ്സൺ, പാളയം ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ. സനീഷ് എന്നിവർ നേതൃത്വം നൽകി.
“അന്നമായി” എന്ന കാരുണ്യപ്രവർത്തനം തുടക്കുംകുറിച്ചതിന്റെ ഭാഗമായി ശാർക്കര ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന പാവപ്പെട്ട രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നും യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.