ലിസ്ബണ്‍: പോർച്ചുഗലിലെ ലിസ്ബണിൽ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ആഗോള കത്തോലിക്ക യുവജന സംഗമത്തിനു ആവേശകരമായ തുടക്കം. എഡ്വേർഡോ ഏഴാമൻ പാർക്കിൽ ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ ലിസ്ബണിലെ പാത്രിയർക്കീസ് കർദ്ദിനാൾ മാനുവൽ ക്ലെമെന്റെ മുഖ്യകാര്‍മ്മികത്വം വഹിച്ചു. “മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു” (ലൂക്കാ 1,39) എന്ന യുവജന സംഗമത്തിന്റെ പ്രമേയം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയ പാത്രിയാർക്കീസ് ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യാൻ നമുക്ക് കന്യകാമറിയത്തില്‍ പഠിക്കാമെന്നും ലോക യുവജന സംഗമം അതിനുള്ള അവസരമാണെന്നും പറഞ്ഞു.
143 രാജ്യങ്ങളിൽ നിന്നായി 354,000 യുവജനങ്ങള്‍ ഇതിനോടകം തന്നെ പോര്‍ച്ചുഗലിലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കോവിഡ് പകർച്ചവ്യാധിക്ക് ശേഷം നടക്കുന്ന ആദ്യ ലോക യുവജനദിന സംഗമമാണിത്. അതേസമയം ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാൻസിസ് മാർപാപ്പ പോര്‍ച്ചുഗലിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പോർച്ചുഗീസ് പ്രസിഡന്റിന്റെ ബെലേമിലെ നാഷണൽ പാലസിൽ ഔദ്യോഗിക സ്വീകരണത്തിനും വരവേല്‍പ്പിനും ശേഷം, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടുന്ന സംഘവുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.
നഗരത്തിലുടനീളം സ്ഥാപിച്ച ബാനറുകളിലും ഓട്ടോമാറ്റിക് ബാങ്ക് മെഷീനുകളിലെ സ്‌ക്രീനുകളിലും “ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്ന സന്ദേശത്തോടൊപ്പം മാർപാപ്പയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയെ ലോക യുവജന ദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ടുള്ള ചടങ്ങ് നാളെ ഓഗസ്റ്റ് 3 വ്യാഴാഴ്ച മീറ്റിംഗ് ഹില്ലിൽ (എഡ്വാർഡോ VII പാർക്ക്) നടക്കും. നിരവധി ആര്‍ച്ച് ബിഷപ്പുമാരും മെത്രാന്‍മാരും ആയിരകണക്കിന് വൈദികരും സന്യസ്തരും യുവജന സംഗമത്തില്‍ പങ്കുചേരുന്നുണ്ട്. ഇന്ത്യയില്‍ നിന്നു ആയിരത്തോളം പേരാണ് സംഗമത്തില്‍ ഭാഗഭാക്കാകുന്നത്.