സുൽത്താൻപേട്ട് / കൊല്ലം: സുല്‍ത്താന്‍പേട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള പതിനെട്ടാമത് കുരിശിന്റെ വഴി നടത്തി. രൂപതാ മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍ നേതൃത്വ നല്‍കി. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴി മുക്കാലി സെന്റ് യൂദാ തദേവുസ് ദൈവാലയത്തില്‍ സമാപിച്ചു. അട്ടപ്പാടി ചുരത്തിലൂടെ 15 കിലോമീറ്റര്‍ നീണ്ട കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ ധ്യാനിച്ചു. 40 ഓളം വൈദികരും രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സും കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നു. ഏകദേശം 1500 വിശ്വാസികള്‍ ചുരത്തിലൂടെ പ്രാര്‍ത്ഥന നിര്‍ഭരം കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച കുരിശിന്റെ വഴി ഉച്ചകഴിഞ്ഞ് 3.30-നാണ് സമാപിച്ചത്.
കൊല്ലം രൂപതയിൽ യുവജനശുശ്രൂഷയുടെ നേതൃത്വത്തിലാണ് മാർച്ച് 10 ഞായറാഴ്ച കുരിശിന്റെ വഴി നടന്നത്. മാർച്ച് 25 പ്രോ-ലൈഫ് ദിനവുമായി ബന്ധപ്പെട്ട് ജീവന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിഷപ്പ് ജെറോം തീരദേശറോഡിൽ നടന്ന കുരിശിന്റെ വഴിയിൽ പ്രോ-ലൈഫ് സമിതിയിലെ അംഗങ്ങളും പങ്കുചേർന്നു. ബീച്ച് യൂത്ത് ക്രോസ് എന്ന പേരിൽ നടന്ന കുരിശിന്റെ വഴി തോപ്പ് സെൻ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പോർട്ട് കൊല്ലം, മൂതാക്കര, വാടി ദേവാലയങ്ങൾ വഴി ഫാത്തിമമാതാ തീർത്ഥാടനാലയത്തിൽ സമാപിച്ചു.