വിഴിഞ്ഞം: തിരുവനന്തപുരം അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും, മൽസ്യകച്ചവട കേന്ദ്രവുമായ വിഴിഞ്ഞത്ത്, ഇക്കഴിഞ്ഞ ദിവസങ്ങളിലുൾപ്പെടെ ജനങ്ങളേറെ മത്സ്യം വാങ്ങാനെത്തുന്നുണ്ട്. ജനങ്ങളിടതിങ്ങിപ്പാർക്കുന്ന, നിരവധി മത്സ്യത്തൊഴിലാളികളും, ജനങ്ങളും പുറത്തുനിന്നുമെത്തുന്ന വിഴിഞ്ഞം പ്രദേശത്ത്, കഴിഞ്ഞ സമ്പൂർണ ലോക്ക്ഡൗൺ കാലഘട്ടം മുതൽ ശക്തമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ഇടതടവില്ലാതെ നടന്നുവരുന്നത്. കേരളക്കരയ്ക്കാകെ മാതൃകയാക്കാവുന്ന തരത്തിൽ വിഴിഞ്ഞം ഇടവക തങ്ങളുടെ പ്രവർത്തനങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൻറെ ആരംഭം മുതൽ സ്വന്തം നിലക്ക് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച്, ഈ സംരംഭത്തിൻറെ മേൽനോട്ടവും, പ്രചോദനവും, മാതൃകയുമായി തുടരുകയാണ് വിഴിഞ്ഞം ഇടവക. അച്ചന്മാരുടെയും കമ്മിറ്റിയംഗങ്ങളുടെയും പിന്തുണയോടെയും, അവരുടെ നേതൃത്വത്തിലുമാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
“ഇടവകയുടെ നേതൃത്വത്തിൽ പ്രാദേശികമായ വിവിധ സംഘടനങ്ങളെയും ക്ലബ്ബുകളെയും ഒരു കുടകിഴിൽ ചേർത്തുനിർത്തിയാണ് ‘കോവിഡ് കർമ്മസേന’ രൂപീകരിച്ചത്. യുവാക്കളുടെ സഹായത്തോടെ, കർമ്മസേന പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. കർശനമായി സാമൂഹിക അകലത്തിന്റെ പേരിൽ നിരാലംബരായ മനുഷ്യർ ഭക്ഷണമില്ലാതെ ഏറെ വലഞ്ഞതോടെയാണ് കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനങ്ങൾ തന്നെ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. ധാരാളം പേർക്ക് ഭക്ഷണമെത്തിച്ചുതുടങ്ങിയതോടെ, നാട്ടിലെയും വിദേശത്തെയും സംഘടനകളും വ്യക്തികളും സഹായിക്കാൻ മുന്നോട്ട് വന്നുതുടങ്ങി. ഭരണസ്ഥാപനങ്ങൾ പോലും ഭക്ഷണം തയ്യാറാക്കലും വിളമ്പലും, ഏറെ ബുദ്ധിമുട്ടി നടപ്പിലാക്കിയ സമയത്താണ്, മൂന്നു നേരവും സുഭിക്ഷമായ ഭക്ഷണം നൽകലും വിതരണവുമായി ഇടവക പ്രവർത്തനം നടത്തിയത്. ഇത് തുടങ്ങിവച്ചു എന്നതല്ല, ഏകദേശം 170 ഓളം കുടുംബങ്ങൾക്ക് 2 മാസമായി 3 നേരവും മുടങ്ങാതെ കർമ്മസേന ഭക്ഷണപ്പൊതികൾ തുടർച്ചയായി വീടുകളിൽ എത്തിച്ചു” എന്നതാണ് വിജയമെന്ന് കർമ്മസേനയുടെ പ്രവർത്തനങ്ങളോടൊപ്പമുള്ള ക്ലിന്റൺ വിവരിക്കുന്നു. ഒരു ദുരിതകാലഘട്ടത്തിലും ഒട്ടും ശങ്കയില്ലാതെ വയറു നിറച്ചുണ്ണുവാൻ കുറച്ചു മനുഷ്യരെ സഹായിച്ചുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് കർമ്മസേന പ്രവർത്തനം നടത്തിവരുന്നതെന്നും പറഞ്ഞു.