ഏഴിന ആവശ്യങ്ങളുന്നയിച്ച് തീരദേശ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം വിഴിഞ്ഞം തുറമുഖ കവാടത്തിൽ കൂടുതൽ ശക്തിയോടെ നടത്താൻ ഇന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കൂടിയ സമര സമിതിയിൽ തീരുമാനം. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിത കാല ഉപരോധ സമരത്തിനാണ് രൂപം നൽകിയിരിക്കുന്നത്.
അതിരൂപത നേരത്തെ പ്രഖ്യാപിച്ച പോലെ പതിനാറാം തിയ്യതി ചൊവ്വാഴ്ച തീരദേശം കരിദിനമായി ആചരിക്കും. പതിനാറാം തീയതി രാവിലെ എല്ലാ ഇടവകകളിലും കരിങ്കൊടി ഉയർത്തും. അന്നേദിവസം പൊഴിയൂർ,മാമ്പള്ളി ഇടവകകളിൽ നിന്നാരംഭിക്കുന്ന കരിങ്കൊടിയേന്തിയുള്ള വാഹനറാലി യുവജന സംഘടനകളുടെ നേതൃത്വത്തിൽ തീരദേശത്തെ സമരാവേശത്തിലാഴ്ത്തി കടന്നുപോകും.
പതിനാറാം തീയതി രാവിലെ പത്തരയോടെ കൂടി വിഴിഞ്ഞം തുറമുഖ നിർമ്മാണം നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് തുറമുഖ ഉപരോധ സമരത്തിന് തുടക്കമാകും. അന്ന് മുതൽ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു കൊണ്ടുള്ള രാപ്പകൽ സമരപരിപാടികളാണ് അതിരൂപത ആസൂത്രണം ചെയ്തിരിക്കുന്നത്. ആരംഭദിവസം പരുത്തിയൂർ പൊഴിയൂർ ഇടവകകൾ സമരത്തിന് നേതൃത്വം നൽകും. രണ്ടാം ദിവസം പൂവാർ,പുതിയതുറ എന്നീ ഇടവകകൾ, മൂന്നാം ദിവസം കരുംകുളം, പുല്ലുവിള,നാലാം ദിവസം അടിമലത്തുറ, വിഴിഞ്ഞത്തെ 2 വാർഡുകൾ, അഞ്ചാം ദിവസം വിഴിഞ്ഞം, ആറാം ദിവസം പൂന്തുറ, ഏഴാം ദിവസം ചെറിയതുറ,വലിയതുറ, സെന്റ് സേവ്യേഴ്സ് വലിയതുറ, എട്ടാം ദിവസം കൊച്ചു തോപ്പ്, തോപ്പ്,കണ്ണാന്തുറ,ഒമ്പതാം ദിവസം വെട്ടുകാട്, കൊച്ചുവേളി, വലിയ വേളി, പത്താം ദിവസം പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡോമിനിക് തുടങ്ങി ഇടവകകളും രാപ്പകൽ സമരത്തിൽ പങ്കുചേരും. ഈ അതിജീവന പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇടവകകൾ തുറമുടക്കി കൊണ്ടാകും സമരത്തിൽ പങ്കെടുക്കുക.
തുറമുഖ നിർമ്മാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടകനൽകി ശാശ്വതമായി പുനരധിവസിപ്പിക്കുക തൊഴിൽ മുടക്കലിന് മിനിമം വേതനം നൽകുക, മണ്ണെണ്ണ വില വർധന പിൻവലിക്കാൻ ഇടപെടുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്.