“വലിയ സമ്പാദ്യമൊന്നും പ്രതീക്ഷിച്ചിട്ടല്ല, അന്നന്നുളള അന്നത്തിനുളള വക കിട്ടുമല്ലോയെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും കടലിലേക്ക് പോകുന്നത്”. പുതിയതുറയിലെ മത്സ്യതൊഴിലാളി വിന്‍സിയറിന്റെ വാക്കുകളാണിവ. ഇത് വിന്‍സിയറിന്റെ മാത്രം വാക്കല്ല, ആഴക്കടലിന്റെ ഒഴുക്കറിഞ്ഞ് അന്നം കണ്ടെത്താന്‍ പുറപ്പെടുന്ന ഓരോ മത്സ്യത്തൊഴിലാളിയുടെയും വാക്കുകളാണ്.വീട്ടിലെ പട്ടിണി മാറ്റാന്‍ തന്റെ പതിനാലാം വയസ്സുമുതല്‍ കടലിലേക്കിറങ്ങിയപ്പോൾ പ്രതീക്ഷിച്ചില്ല കടലിനോടൊപ്പം കരയിലും പ്രതിബന്ധങ്ങളേറെ നേരിടേണ്ടി വരുമെന്ന്.
പണ്ട് അപ്പനൊപ്പം കട്ടമരത്തില്‍ തൊളവ കൊണ്ട് തുഴഞ്ഞ് പണിക്കുപോയതോര്മ്മയുണ്ട്. വളളമിറക്കുന്ന സമയത്ത് തിരമാലകളെ തോല്‍പ്പിച്ച് മുന്നോട്ട് പോകുന്നത് കഷ്ടമാണ്.പലപ്പോഴും വളളം മിറഞ്ഞ് വലയും മറ്റു സാധനങ്ങളും വെളളത്തില്‍ വീണുപോയിട്ടുണ്ട്.അപ്പോഴും അതൊക്കെ നീന്തിപ്പെറുക്കി വളളത്തിലാക്കി വീണ്ടും യാത്ര തുടരും.വീട്ടിലെ കടങ്ങളൊക്കെ ഓര്‍ക്കുമ്പോ ജീവന് പണയം വച്ചും മുന്നോട്ട് പോകാനുള്ള ധൈര്യം കിട്ടും. അന്ന് ജീവിതത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളോടെയാണ് യാത്രതുടങ്ങിയിരുന്നത്.
ഇപ്പൊ കടലിനോടല്ല മല്ലിടേണ്ടി വരുന്നത്. കുതിച്ചുയരുന്ന മണ്ണെണ്ണ വിലയോടാണ്. കടമെടുത്തും എണ്ണ വാങ്ങി പണിക്കു പോയാലും മുടക്കുമുതല്‍ പോലും കിട്ടാത്ത അവസ്ഥയാണ്.മുന്‍പൊക്കെ മണ്ണെണ്ണ 80-90 രൂപക്കൊക്കെ കിട്ടുമായിരുന്നു.എന്നാലിപ്പൊ 130-140 രൂപയാണ് ലിറ്ററിന്. കടമെടുത്താണ് മണ്ണെണ്ണ വാങ്ങി പണിക്കു പോകുന്നത്. പലപ്പോഴും മീനൊന്നും കിട്ടാതെ വെറും കയ്യോടെ തിരികെ വന്നിട്ടുണ്ട്. അത് കടം ചുമന്നുകൊണ്ട് തിരികെ വീട്ടിലെത്തുന്ന ഒരവസ്ഥയാണ്. 1700 രൂപ മുടക്കി പണിക്കു പോകുമ്പോ കിട്ടുന്ന മീനിന് 1400 രൂപയായിരിക്കും വില കിട്ടുന്നത്.ഇതും നഷ്ട്ടമാണ്.
ഒന്നും കിട്ടുന്നില്ലല്ലോയെന്നോര്ത്ത് വിഷമിച്ചിരിക്കാന്‍ പറ്റില്ലല്ലോ. പ്രതീക്ഷകളെ മുറുകെപ്പിടിച്ച് മക്കളുടെ ഭാവിയെ ഓര്‍ത്ത് ഞങ്ങള്‍ വീണ്ടും പണിക്കു പോകും.കാറ്റു വരുന്നു, കോള്‍ വരുന്നു, പേമാരി വരുന്നു എന്നൊക്കെ തെറ്റായ നിര്‍ദ്ദേശം നല്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നത്?പണിക്കു പോകാത്ത ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോയെന്ന് അവരാരും അറിയുന്നില്ലല്ലോ. മണ്ണിന്റെ മണം പേറുന്നവനാണ് കര്‍ഷകനെങ്കില്‍ കടലിന്റെ മണം പേറുന്നവനാണ് ഓരോ മത്സ്യത്തൊഴിലാളിയും. പണമോ പത്രാസോ പരിഷ്ക്കാരമോ ഇല്ലാത്ത പച്ച മനുഷ്യര്‍. ഞങ്ങളുടെ ശബ്ദമാകാന്‍ ഞങ്ങള്‍ മാത്രം. ഇതൊക്കെ പറയുമ്പോഴും അടുത്ത ദിവസത്തേക്ക് വേണ്ടി പ്രതീക്ഷയുടെ ചൂണ്ടയൊരുക്കുകയാണ് വിൻസിയർ.