ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഒസാനം സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ സെപ്തംബർ 7 ന് നടക്കും. തിരുവനന്തപുരം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയാണ് മന്ദിരത്തിന്റെ തറകല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്.
നിരാലംബരും അവശരുമായ സ്ത്രീകളുടെ പുനരധിവാസത്തിനായാണ് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ സ്നേഹ ഭവനത്തിന് രൂപം നൽകുന്നത്. 2 കോടിയോളം തുക ചിലവാക്കി 9600 സ്ക്വ. ഫീറ്റ് വിസ്തൃതിയിൽ പണിയുന്ന മന്ദിരത്തിൽ 50 അന്തേവാസികളെ ഉൾകൊള്ളാനാകും. വെട്ടുതുറ ബക്കിത ഭവനത്തിന് സമീപം പണിയാരംഭിക്കുന്ന സ്നേഹഭവനത്തിനുള്ള സ്ഥലം തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് നൽകിയിരിക്കുന്നത്. തറക്കല്ലിടാനുപയോഗിക്കുന്ന കല്ല് അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ പിതാവ് ആശീർവദിച്ച് നൽകിയിരുന്നു. സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ നാളെ നടക്കുന്ന ചടങ്ങിൽ അതിരൂപതയിലെ വൈദീകരും സന്യസ്തരും വിൻസന്റ് ഡി പോൾ അംഗങ്ങളും പങ്കെടുക്കും.
കോവളം ഫെറോനയിലെ ആഴാകുളത്ത് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ പുരുഷന്മാർക്ക് ആശ്രയമായുള്ള ഒസാനം കാരുണ്യ ഭവനം നിലവിൽ പ്രവർത്തിച്ചു വരുന്നു. അതിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഇപ്പോൾ സ്ത്രീകൾക്കായുള്ള സ്നേഹഭവനം ഒരുങ്ങുന്നത്. ഭാരിച്ച ചിലവു വരുന്ന ഈ സംരംഭം പൂർത്തിയാക്കുന്നതിന് സുമനസ്സുകളുടെ സഹായം വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ അഭ്യർത്ഥിക്കുന്നു. (Ph. 90378 91065)