പുതിയതുറ: ദൈവത്തിന്റെ ഇഷ്ടത്തിന് സ്വയം സമർപ്പിച്ച് ലോകരക്ഷകനെ ഭൂമിക്ക് നൽ കിയ പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാൾ സെപ്തബർ 8 ന് അതിരൂപതയിലെ ഇടവകകൾ സാഘോഷം കൊണ്ടാടി. ആഘോഷപരിപാടികളിൽ വ്യത്യസ്തമായ പ്രവർത്തനം നടത്തി പുതിയതുറ ഇടവക ശ്രദ്ധനേടി. മറിയത്തിന്റെ വിവിധ പ്രത്യക്ഷീകരണത്തിന്റെ വേഷങ്ങളണിഞ്ഞ് വിശ്വാസികൾക്ക് പ്രത്യക്ഷീകരണ സംഭവം പരിചയപ്പെടുത്തുന്ന “മാതാവിനോടൊപ്പം” എന്ന പരിപാടിയാണ് ശ്രദ്ധയാകർഷിച്ചത്.
പുതിയതുറ കുരിശടിയിൽ നിന്നും വിവിധ നാമത്തിലുള്ള മാതാവിന്റെ വേഷങ്ങളിണിഞ്ഞ് ജപമാലയും നൊവേനയും ചൊല്ലി ദൈവാലയത്തിലേക്ക് പ്രദക്ഷിണം നടന്നു. നൂറ് കണക്കിന് വിശ്വാസികൾ ഈ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഇടവക ദൈവാലയത്തിന് സമീപമുള്ള ഗ്രോട്ടോയിൽ മാതാവിന്റെ വേഷമണിഞ്ഞവർ ജനങ്ങൾക്കുമുന്നിൽ വരുമ്പോൾ ആ മാതാവിനെക്കുറിച്ചുള്ള വിവരണവും നടന്നു. ഇത് ജനങ്ങൾക്ക് പുതിയ അനുഭവവും അതുപോലെ മാതാവിന്റെ വിവിധ നാമത്തിന് പിന്നിലുള്ള സംഭവങ്ങളും മനസിലാക്കാൻ കഴിഞ്ഞത് മരിയഭക്തിയിൽ ആഴപ്പെടുവാൻ സഹായകമായി.
അമലോത്ഭവ മാതാവ്, സമുദ്രതാര മാതാവ്, സ്വർഗ്ഗാരോപിത മാതാവ്, ലൂർദ്ദ് മാതാവ്, പനിമതാവ്, സിന്ധുയാത്ര മാതാവ്, വേളാങ്കണ്ണി മാതാവ്, വല്ലാർപാടത്തമ്മ, ഫാത്തിമ മാതാവ് തുടങ്ങി മാതാവിന്റെ ഇരുപത്തിയഞ്ചിലധികം പ്രത്യക്ഷീകരണം വിശ്വാസികൾക്കുമുന്നിൽ അണിനിരന്നു. തുടർന്ന് ഇടവക വികാരി ഫാ. ഗ്ളാഡിൻ അലക്സ് മുഖ്യകാർമികനായും ഫാ. വിനിത് സഹകാർമികനായും ദിവ്യബലിയർപ്പിച്ചു.