തുർക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിലും തകരാതെ പരി. കന്യകാമറിയത്തിന്റെ രൂപവും ചിത്രങ്ങളും. ഭൂചലനത്തിന്റെ ഫലമായി തകർന്നുകിടക്കുന്ന ദേവാലയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കേടുപാടുകൾ സംഭവിക്കാതെ ലഭിച്ച പരി. കന്യക മറിയത്തിന്റെ ചിത്രങ്ങളും,രൂപങ്ങളും ആണ് ശ്രദ്ധേയമാകുന്നത്.
തുർക്കി പ്രവിശ്യയായ ഹദയിലെ അലക്സാണ്ടർറ്റെ നഗരത്തിലെ മംഗളവാർത്ത കത്തീഡ്രൽ ദേവാലയം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് പൂർണമായും തകർന്നിരുന്നു. എന്നാൽ ദേവാലയത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം ശക്തമായ ഭൂചലനത്തിലും യാതൊരു കേടുപാടും സംഭവിക്കാതെ ഇപ്പോഴും തുടരുകയാണ്.
തുർക്കിയിലെ ജസ്യൂട്ട് വൈദികനായ ഫാ. അന്റോവാൻ ഈഗിറ്റാണ് ഇക്കാര്യങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. തെക്കു കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിന്റെ ദുരിത പൂർണമായ വാർത്തകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. യു. എസ് ജിയോളജിക്കൽ സർവ്വേ പ്രകാരം 7.8 തീവ്രത രേഖപ്പെടുത്തിയിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനത്തിൽ 3700-ൽ പരം ആളുകൾ മരണപ്പെട്ടു. പ്രദേശത്തെ ഒട്ടുമിക്ക കെട്ടിടങ്ങളും തകർന്നതായും, നൂറുകണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങൾ പുറത്തു വരുന്നു.