Repoter: Aleena (St. Xavier’s College Journalism student)
അമ്മയോടൊപ്പം പ്രഭാത ദിവ്യബലിക്ക് മുടങ്ങാതെ പോകുന്നതും, അൾത്താരയിൽ വൈദികർ ദിവ്യബലി അർപ്പിക്കുന്നതും ആദ്യകുർബാന സ്വീകരണത്തിനുശേഷം അൾത്താര ബാലനായി വളരെ സജീവമായി ദിവ്യബലി അടുത്ത നിന്നു പങ്കെടുത്തതും ഇന്നലെയെന്ന പോലെ ഓർത്തെടുക്കുകയാണ് ബ്ര. ഫ്രാൻസിസ്. പൗരോഹിത്യത്തിന് അരികെ ഒരു പടികൂടി എത്തി നിൽക്കുകയാണ് ഇന്ന് ഈ സെമിനാരിക്കാരൻ. 2021 ആഗസ്റ്റ് 10-ാം തിയ്യതി അഭി. ക്രിസ്തുദാസ് പിതാവിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിക്കുകയാണ് ബ്ര. ഫ്രാൻസിസ്.
കുട്ടിക്കാലം മുതൽ തന്നെ മനസ്സിൽ മുളപൊട്ടിയ ആഗ്രഹവും സ്വപ്നവുമായിരുന്നു വൈദികനാവുക എന്നത്. എല്ലാ ക്രൈസ്തവ കുടുംബങ്ങളെയും പോലെ മാതാപിതാക്കൾ തന്നെയായിരുന്നു വിശ്വാസത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു തന്നത്. അതോടൊപ്പം തന്റെ വിശ്വാസ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തി – സിസ്റ്റർ ലുചെല്ല, ആദ്യത്തെ വിശ്വാസ പരിശീലന ക്ലാസ്സിലെ അദ്ധ്യാപിക എന്നതിലുപരി ഇന്നും ബ്രദറിന്റെ പൗരോഹിത്യ സ്വപ്നത്തിനു ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി വഴി നടത്തുന്നതും സിസ്റ്ററാണ്.
പാളയം ഇടവകാംഗമായ, ബ്രദർ ഫ്രാൻസിസ് 2006 ൽ തന്റെ മൈനർ സെമിനാരി ജീവിതം ആരംഭിച്ചു. മൈനർ സെമിനാരി പഠനത്തിനും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ പഠനത്തിനും ശേഷം വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ഒരു വർഷത്തെ റീജൻസി ചെയ്തു. ഇപ്പോൾ ദൈവശാസ്ത്ര പഠനത്തിനായി നെതർലൻഡ്സിലാണ്.
“വിശ്വാസവും വിശ്വാസികളും ഒരുപോലെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഒരുപക്ഷെ ആദ്യകാല സഭ നേരിട്ട വെല്ലുവിളികൾ ഇന്ന് സഭ നേരിടുന്നുണ്ട്. വിശ്വാസികൾ ഇല്ലാത്ത ദേവാലയങ്ങളിൽ അവർക്കു വേണ്ടി തനിച്ചിരുന്നു പ്രാർത്ഥിക്കാനും, അതേ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കാനും, ഒരു വിശ്വാസ സമൂഹത്തെ വളർത്തിയെഡ്യൂക ക്വാക്നുമുള്ള വിളിയാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാളയം ഇടവകയിൽ നിന്ന് 55 കൊല്ലത്തിന് മുൻപ് വൈദികനായ റിച്ചാർഡ് ഡിക്രൂസച്ചനും, അവിഭക്ത തിരുവനന്തപുരം രൂപതയ്ക്ക് വേണ്ടി വൈദികനായ സേവ്യറച്ചനും ശേഷം നിരവധി വർഷങ്ങൾക്ക് ശേഷമാണ് ബ്രദർ ഫ്രാൻസിസ് രൂപതയ്ക്ക് വേണ്ടി ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. ഡോമിനിക്കൻ സഭാംഗമായി ഫാ. റോണി പാളയത്ത് നിന്നും വൈദികനായിരുന്നു.
കഴിഞ്ഞ വർഷം പാളയത്തുനിന്നും റോമിൽ വച്ച് ബ്ര. ലിജോ ഡീക്കനായിരുന്നു.