റിപ്പോർട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ
വായോധികരും അംഗപരിമിതരും നിരക്ഷരരുമായ അമ്പതോളം പേർക്ക് ഓഡിയോ ബൈബിൾ വിതരണം ചെയ്തുകൊണ്ട് സുവിശേഷ പ്രഘോഷണ രംഗത്ത് നവീനമായ ചുവടുവൈപ്പ് നടത്തി തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ സമിതി. കുടുംബ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ബാഗ്ലൂരിലെ ശ്രീ. ജോസഫ് ആൻഡ്രൂ ആണ് ഈ സംരംഭം സ്പോൺസർ ചെയ്യുകയും ഓഡിയോ ബൈബിൾ ഉപയോഗത്തെ സംബന്ധിച്ചുള്ള പരിശീലനം നൽക്കുകയും ചെയ്തത്. കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടന്ന ഓഡിയോ ബൈബിൾ വിതരണ ചടങ്ങിൽ കുടുംബ ശുശ്രൂഷ സമിതി ഡയറക്ടർ റെവ. ഫാ. എ ആർ ജോൺ അധ്യക്ഷനായിരുന്നു.
ദൈവവചനം അറിയാനും അനുഭവിക്കാനും അതിയായ ആഗ്രഹമുണ്ടായിട്ടും അതിനു സാധിക്കാതെ ജീവിക്കുന്ന കാഴ്ചവൈകല്യമുള്ളവരും വിധവകളും ഏകസ്ഥ ജീവിതം നയിക്കുന്നവരുമായ അൻപതു പേരെ തെരെഞ്ഞെടുത്താണ് ഓഡിയോ ബൈബിൾ നൽകിയതെന്നും, വരും ദിവസങ്ങളിൽ മറ്റ് ഫെറോനകളിലും ഇത് നടപ്പിലാക്കുമെന്നും ഡയറക്ടർ ഫാ. എ ആർ ജോൺ മീഡിയ കമ്മീഷനോട് പറഞ്ഞു.
പരിപാടിയിൽ കെ.ആർ.എൽ.സി.സി സെക്രട്ടറി റെവ. ഫാ. ഷാജ് കുമാർ, കൊച്ചുതുറ ഇടവക വികാരി റെവ. ഫാ. ആന്റണി സിൽവസ്റ്റർ, റെവ. ഫാ. ഡേവിഡ്സൺ, ഫെറോന കുടുംബ ശുശ്രൂഷ സമിതി കൺവീനർമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, സിസ്റ്റേർമാരും പങ്കെടുത്തു.