“തോമസ് സിമ്പിൾ ആയ മനുഷ്യൻ ആണ്. ആർഭാടങ്ങൾ ഇഷ്ടപെടാത്ത ലാളിത്യത്തിൽ ജീവിക്കുന്ന വ്യക്തി”. നിയുക്ത മെത്രാപ്പോലീത്ത തോമസ് ജെ.നെറ്റോയെ കുറിച്ച് സുഹൃത്തും സഹപാഠിയുമായ ഫാ. ജോഷി പുത്തൻപുരയിൽ പറഞ്ഞ വാക്കുകളാണ് ഇവ. ആലുവ കാർമൽ ഗിരി സെന്റ്. ജോസഫ് സെമിനാരിയിലെ തത്ത്വ ശാസ്ത്രപഠനത്തിനും ദൈവശാസ്ത്രപഠനത്തിനുമായി ലഭിച്ച നീണ്ട 7 വർഷകാലതാണ് നിയുക്ത മെത്രാപ്പോലീത്ത തോമസ് .ജെ.നെറ്റോയെയും ഫാ.ജോഷിയും സുഹൃത്തുക്കൾ ആകുന്നത്. 1982-89 കാലഘട്ടത്തിലാണ് പിതാവ് തന്റെ തത്ത്വ ശാസ്ത്ര- ദൈവ ശാസ്ത്ര പഠനത്തിനായി ആലുവ സെമിനാരിയിൽ ചേർന്നത്.

യാത്രകൾ ഇഷ്ടപെടുന്ന, പുസ്തകങ്ങളെ വളരെ അധികം സ്നേഹിക്കുന്ന വ്യക്തിയാണ് തോമസ് .ജെ.നെറ്റോ പിതാവ്. പ്രാർത്ഥനാജീവിതത്തിന് ഒരു കുറവും അദ്ദേഹം വരുത്തിയിരുന്നില്ല. ഫുട്ബാൾ അദ്ദേഹത്തിനു ഏറ്റവും പ്രയപ്പെട്ട ഒരു കായികയിനമാണ്. സെമിനാരി കളി കളങ്ങളിൽ അദ്ദേഹം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതും ഫുട്ബോൾ ഗ്രൗണ്ടിൽ തന്നെയായിരുന്നു.
എല്ലാവരെയും ഒരുപോലെ കാണുകയും സ്നേഹിക്കുകയും ചെയുന്ന വ്യക്തിത്വമാണ് പിതാവിന്റേത്. തോമസ് .ജെ.നെറ്റോ എന്ന് കേൾക്കുമ്പോൾ തന്നെ പുഞ്ചിരിതൂകി നിൽക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം മനസിൽ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജോഷി അച്ചൻ ഓർമകളെ അയവിറക്കുന്നത്.
വർഷങ്ങൾക്കു മുന്നേ തന്റെ കൂടെ സെമിനാരിയിൽ പഠനത്തിന് വന്ന തോമസ് ഇപ്പോൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്ത ആയതിന്റെ സന്തോഷവും പ്രാർത്ഥനാശംസകളും പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.