അതിരൂപതയിലെ പ്രശസ്തരായ സംഗീത സംവിധായകരും, രചയിതാക്കളും ചേർന്നോരുക്കുന്ന ഏഴ് പുതിയ പാട്ടുകളും തയ്യാറായി പരിശീലനം ആരംഭിച്ചതോടെ മെത്രാഭിഷേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ വിപുലം. തീം സോങ്ങും, കാഴ്‍ച്ചവയ്പ് ഗാനവും, സമാപന ഗാനവും, രണ്ടുവീതം പ്രവേശന ഗാനങ്ങളും, ദിവ്യഭോജന ഗാനങ്ങളുമാണ് മെത്രാഭിഷേക കർമ്മങ്ങൾ ഭക്തി സാന്ദ്രമാക്കാൻ അണിയറയിൽ ഒരുങ്ങുന്നത്. സിനിമാ സംഗീത സംവിധായകരുൾപ്പെടെ അതിരൂപതയിലെതന്നെ പ്രമുഖ സംഗീത സംവിധായകരും ഗാനരചയിതാക്കളുമാണ് അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്.
ശ്രീ. ലോറൻസ് ഫെർണാണ്ടസിന്റെ തൂലികയിൽ ജനിച്ച ”അജഗണ പാലക ഗുരുവരരെ വരുവിൻ ……. ”എന്ന തീം സോങ്ങിന് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് പ്രശസ്ത ദേവാലയ സംഗീതജ്ഞൻ ഓ.വി.ആർ. സാർ ആണ്. തിരുകർമ്മങ്ങളുടെ ആരംഭത്തിൽ നിയുക്ത മെത്രാപ്പോലീത്ത വേദിയിലേക്ക് പ്രവേശിക്കുമ്പോൾ ആലപിക്കാൻ രണ്ടു പ്രവേശന ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഫാ. വിക്ടർ എവേരിസ്റ്റസ് എഴുതിയ ”കാൽവരി കാരുണ്യം കവിഞ്ഞൊഴുകും ” എന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ശ്രീ. റോണി റാഫേലാണ്. ശ്രീ. റെയ്നോൾഡിന്റെ രചനയിൽ പിറന്ന ”വിണ്ണിൻ കവാടം തുറന്നു ….” എന്ന ഗാനത്തിന്റെ സംഗീതസംവിധായകൻ ശ്രീ. റാണയാണ്. ദിവ്യഭോജന ഗാനമായി “സ്നേഹാർദ്രനേ, ദിവ്യകാരുണ്യമേ ..” എന്നുതുടങ്ങുന്ന ഗാനം എഴുതി ചിട്ടപ്പെടുത്തി സംഗീതം നിർവഹിച്ചിരിക്കുന്നത് ഫാ.ആന്റോ ഡിക്‌സൺ ആണ്. മറ്റൊരു ദിവ്യഭോജന ഗാനമായ “ജീവന്റെ ഉറവയേ, കരുണാ പ്രവാഹമേ ” എന്ന ശ്രീ.ഫൗസ്റ്റിന്റെ വരികൾക്ക് ശ്രീമാൻ അലക്സ് ആൻ്റണിയാണ് ഈണം നൽകിയിരിക്കുന്നത്. ശ്രീ. ബിനോജ് മാണിയുടെ രചനയിൽ ശ്രീ. ബെൻ മോഹൻ സംഗീതം നൽകിയ ” ദൈവജനമേ പ്രേഷിതരാകാം” എന്ന ഗാനമാണ് സമാപന ഗാനമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് . ശ്രീ ജോണി സി. ബാലരാമപുരം ചിട്ടപ്പെടുത്തിയ കാഴ്ചവെപ്പ് ഗാനത്തിൻറെ വരികൾ ശ്രീ. ലോറൻസ് ഫെർണാണ്ടസിൻറെതാണ്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഒൻപത് ഫെറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം ഗായകർ അടങ്ങുന്ന വിപുലമായ ഗായകസംഘമായിരിക്കും ഗാനങ്ങൾ ആലപിക്കുക.വെള്ളയമ്പലം ബിഷപ്പ് ഹൗസ് കോമ്പൗണ്ടിലെ ആനിമേഷൻ സെൻററിൽ അജപാലന ശുശ്രൂഷ സമിതി കൺവീനർ ഫാ. ഡാർവിൻ പീറ്ററിന്റെയും ഫാ. ആൻ്റോ ഡിക്സൺഡേയും നേതൃത്വത്തിൽ ഓരോ ഗാനത്തിന്റെയും രചയിതാക്കളും സംഗീതസംവിധായകരും ചേർന്നാണ് ഗായകസംഘത്തെ പരിശീലിപ്പിക്കുന്നത്.
സിനഡ് ചൈതന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ തോമസ് നെറ്റോ പിതാവിന്റെ ആപ്തവാക്യം അടിസ്ഥാനമാക്കിയാണ് ഈ ഗാനങ്ങളെല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്.