നാട്ടുരാജ്യമായ തിരുവിതാംകൂറിലെ ഒരു കടലോര ഗ്രാമമാണ് വി. നിക്കോളാസിന്റെ നാമദേയത്തിൽ സ്ഥിതി ചെയുന്ന പുതിയതുറ ഇടവക. ഈ ഗ്രാമത്തിന് അനേകം നൂറ്റാണ്ടുകളുടെ ക്രൈസ്തവ പാരമ്പര്യം ഉണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വി. ഫ്രാൻസിസ് സേവ്യറും ഗോവയിൽ നിന്നും വന്ന ഈശോ സഭ വൈദികരുമാണ് ഈ ഗ്രാമത്തിൽ മിഷിനറി പ്രവർത്തനം നടത്തിയിരുന്നത്. കൊല്ലം, കൊച്ചി രൂപതയിൽപ്പെട്ട ഒരു ഗ്രാമമായിരുന്നു പുതിയതുറ. പുതിയതുറ ജംഗ്ഷനിൽ കുരിശടിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ പുതിയ ചാപ്പൽ പഴയ പള്ളി നിലനിന്ന സ്ഥലമായിരുന്നു.
ഏതാണ്ട് 1800 കളിലാണ് ഈ പഴയ ദൈവാലയം അവിടെ സ്ഥാപിതമായത്. കടൽ കയറി ഈ ദേവാലയത്തിന് കേടുപാട് സംഭവിച്ചതിനാലും, ജനസാന്ദ്രത കൂടിയതുകൊണ്ടും ഒരു പുതിയ ദേവാലയം പണിയുവാൻ അന്നത്തെ കൈക്കാരായിരുന്നവരും ജനങ്ങളും തീരുമാനിച്ചു. അതിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന പ്രൗഢ സുന്ദരമായ ദൈവാലയം 1926 ൽ നിർമ്മിക്കപ്പെട്ടത്.

ആരംഭത്തിൽ ഈ ഗ്രാമം ‘ചിന്നമാർത്താണ്ഡത്തുറ’ എന്ന പേരിലായിരുന്നു അറിയപ്പെട്ടതിരുന്നത്. കാലഘട്ടത്തിൻറെ മാറ്റത്തിനൊപ്പം ‘ചിന്നമാർത്താണ്ഡത്തുറ’ എന്ന പേര് മാറി ‘പുതിയതുറ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇടവക ദൈവാലയം പൊക്കം കൂടിയ സ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാൽ ഉൾപ്രദേശത്തുള്ളവർ ഈ ഗ്രാമത്തെ ‘പൊറ്റിയിൽപള്ളി’ എന്നും വിളിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും
വി. ഗീവർഗ്ഗിസിന്റെ തിരുനാൾ ആഘോഷിക്കാൻ ആരംഭിചത്തോടെ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഈ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്നുകൊണ്ടിരിക്കുന്നു. കന്യാകുമാരി, നാഗർകോവിൽ, കോട്ടാർ എന്നിവിടങ്ങളിൽ നിന്നും ദേവാലയത്തിലേക്ക് തുടർച്ചയായി ഭക്തജനങ്ങൾ വന്നതോടെ അവർ ഈ സ്ഥാലത്തിനു കൊച്ചെടത്വ എന്നു പേരിട്ടു. ഇപ്പോൾ ചിന്നമാർത്താണ്ഡത്തുറ, കൊച്ചെടത്വ, പൊറ്റിയിൽപള്ളി എന്നീ പേരുകളിലും ഈ ഇടവക വിളിക്കപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായി ‘പുതിയതുറ’ ഇടവക എന്ന് തന്നെയാണ് അറിയപ്പെടുന്നത്.
പുതിയതുറ പാരമ്പര്യ കഥകളിൽ ഏറ്റവും ഖ്യാതി വി. ഗീവർഗ്ഗിസിന്റെ തിരുനാൾ ഉത്ഭവത്തെ സംബന്ധിച്ചുള്ളതാണ്. ഇടവക പ്രദേശങ്ങളിലെ സർപ്പശല്യം രൂക്ഷമായപ്പോൾ ഇതിനുള്ള പരിഹാരമായി ഭീകര സർപ്പത്തെ നിഗ്രഹിച്ചവൻ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വി. ഗീവർഗ്ഗിസിനെ ദേവാലത്തിനുള്ളിൽ പ്രതിഷ്ഠിച്ച് വണങ്ങാൻ തുടങ്ങി. ആദ്യക്കാലം മുതൽക്കെ ഇവിടത്തെ ജനങ്ങൾ വി. ഗീവർഗ്ഗിസിനോട് ഒരു പ്രത്യേക ഭക്തി സൂക്ഷിച്ചിരുന്നു.

അങ്ങനെയിരിക്കെ ഇടവ അംഗമായ ശ്രീ വറീത് തൻ്റെ മകനു ജോലി ലഭിച്ചതിന്റെ സ്മരണാർത്ഥം വിശുദ്ധൻറെ തേജോമയമായ ഒരു സ്വരൂപം മലയായിൽ നിന്നും കപ്പൽ മാർഗ്ഗം നാട്ടിലെത്തിച്ചു. വളരെ താമസിയാതെ തന്നെ ആ സ്വരൂപം ദൈവാലയത്തിൽ പ്രതിഷ്ഠിക്കുകയും വണങ്ങാൻ ആരംഭിക്കുകയും ചെയ്തു. തുടർന്ന് വിശുദ്ധൻറെ നാമദേയത്തിൽ ആണ്ടുതോറും മെയ് മാസം ആദ്യത്തെ ശനി, ഞായർ ദിവസങ്ങളിൽ തിരുനാൾ ആഘോഷിക്കാൻ തുടങ്ങി. അങ്ങനെ 1950 മെയ് മാസത്തിൽ വിശുദ്ധൻറെ തിരുനാളിന് സാഘോഷം ആരംഭം കുറിച്ചു.

ക്രിസ്തുജയന്തി മഹാ ജൂബിലിയായി പ്രഖ്യാപിച്ച 2000 ത്തിൽ ഈ ദൈവാലയം തീർഥാടന കേന്ദ്രമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ മെത്രാപ്പോലീത്ത ഡോ. സൂസപാക്യം പ്രഖ്യാപിച്ചു. പുതിയതുറ സെന്റ്. നിക്കോളാസ് ഇടവകയിൽ സ്ഥാപിതമായിരിക്കുന്ന പരി. ലൂർദ് മാതാവിന്റെയും, പരലോക മാതാവിന്റെയും, കോബ്രിയ സഭകൾക്കും, സെന്റ്. നിക്കോളാസ് എൽ. പി സ്കൂളിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അനേകം പാരമ്പര്യങ്ങളും മഹത്വവും നിലനിൽക്കുന്ന ഈ പുണ്യ ഭൂമിക്ക് ഇനി മുതൽ പുതിയ ചരിത്ര രേഖ കൂടെ എഴുതി ചേർക്കപ്പെടും തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്തയുടെ ജന്മദേശം.