വേളാങ്കണ്ണി: ഭാരതത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ. 29നു വൈകുന്നേരം 5.45നു തഞ്ചാവൂരിലെ മുൻ ബിഷപ്പ് ഡോ. എം. ദേവദാസ് അംബ്രോസ്, രൂപത അഡ്മിനിസ്ട്രേറ്റർ ഡോ. എൽ. സഹയാരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് ബസിലിക്ക ഓഡിറ്റോറിയത്തിൽ തമിഴിൽ ദിവ്യബലിയും നൊവേനയും ഉണ്ടാകും. 30 മുതൽ സെപ്റ്റംബർ ഏഴുവരെ ബസിലിക്ക ദേവാലയത്തിൽ രാവിലെ അഞ്ചിനാണ് ദിവ്യബലി. പ്രഭാതനക്ഷത്രം ദൈവാലയത്തിൽ രാവിലെ 7.15നു മറാത്തിയിലും രാവിലെ 9ന് മലയാളത്തിലും 10ന് തമിഴിലും ദിവ്യബലി ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ 6ന് ആഘോഷമായ തിരുനാൾ ദിവ്യബലി രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാരിയും വൈസ് റെക്ടറുമായ ഫാ. എസ്. അർപുതരാജ് പറഞ്ഞു. തിരുനാളിനു വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതയുടെ പ്രൊക്യുറേറ്റർ ഫാ. ഡി. ഉഴകനാഥനും റെക്ടർ സി. ഹൃദയരാജും പറഞ്ഞു. 27 മുതൽ പ്രത്യേക ബസ്, ട്രയിൻ സംവിധാനങ്ങൾ വിവിധ ഭാഗങ്ങളിൽനിന്നു വേളാങ്കണ്ണിയിലേക്കു ഒരുക്കിയിട്ടുണ്ട്.