വത്തിക്കാൻ സിറ്റി: ലിസ്ബണിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്ത് തിരികെയെത്തി ഏതാനും ദിവസങ്ങൾക്കകം മരണമടഞ്ഞ 24-കാരന്റെ അമ്മയ്ക്ക് സാന്ത്വനമേകി ഫ്രാൻസിസ് മാർപാപ്പയുടെ ഫോൺ കോൾ. ഇറ്റലിയുടെ വടക്കൻ പ്രവിശ്യയായ വാരീസിലെ മാർനാത്തെ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള ലൂക്കാ റേ സാർത്തു എന്ന ചെറുപ്പക്കാരനാണ് ബാക്ടീരിയ മൂലമുള്ള ഗുരുതരമായ അണുബാധയെ തുടർന്ന് മരണമടഞ്ഞത്.
ലൂക്കയുടെ വേർപാടിനെതുടർന്ന്, അവന്റെ അമ്മക്ക് വളരെ അപ്രതീക്ഷിതമായാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഫോൺകോൾ ലഭിച്ചത്. പരിശുദ്ധ പിതാവിന്റെ സ്നേഹപൂർണമായ വാക്കുകളിലൂടെയുള്ള സാമീപ്യം അവരുടെ ഹൃദയത്തിന് നൽകിയ സാന്ത്വനവും ആശ്വാസവും ചെറുതല്ലായിരുന്നു. ഇതേക്കുറിച്ച് അവർ വികാരഭരിതയായി തന്നോട് പങ്കുവച്ച കാര്യം ബിഷപ്പ് പ്രസംഗത്തിനിടയിൽ പറഞ്ഞു. ‘പാപ്പാ എന്നോടൊപ്പം ദു:ഖിക്കുകയും എന്റെ സ്വന്തം പിതാവിനെപ്പോലെ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നോടൊപ്പം പാപ്പയും കരയുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. പരിശുദ്ധ പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ വിശിഷ്ടവും കരുണാർദ്രമായ ഈ പ്രവൃത്തിക്ക് എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ നന്ദി അറിയിക്കുന്നു’ ലൂക്കയുടെ അമ്മയുടെ വാക്കുകൾ തന്നെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു.
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പരിചയക്കാർ, പൗരപ്രമുഖർ എന്നിവരോടൊപ്പം ലോക യുവജന ദിനത്തിന്റെ ടി-ഷർട്ട് ധരിച്ചു കൊണ്ട് അനേകം ചെറുപ്പക്കാരും ദിവ്യബലിയിൽ പങ്കെടുത്തു. ഇപ്രകാരമുള്ള ഒരു വമ്പിച്ച ജനാവലിയുടെ സാന്നിധ്യം, ദുഖാർത്തരായിരുന്ന കുടുംബാംഗങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.