തിരുവനന്തപുരം: ഹൈസ്‌കൂള്‍ തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം ഏകീരിക്കാന്‍ സര്‍ക്കാര്‍. ഡോ.എം.എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിശദമായി പരിശോധിച്ച പ്രത്യേക സമിതി സ്‌പെഷ്യല്‍ റൂളിന്റെ കരട് അടക്കം തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഇതോടെ അധികൃതര്‍ തുടര്‍ നടപടികളിലേക്ക് കടന്നു.
സ്‌പെഷ്യല്‍ റൂള്‍ പ്രാബല്യത്തില്‍ വരുന്നതോടെയാകും മാറ്റങ്ങള്‍ ബാധകമാകുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ രീതിയില്‍ മറ്റം നടപ്പാക്കി തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരിഷ്‌കാരം നടപ്പാക്കുന്നതോടെ എട്ടാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെ സെക്കന്‍ഡറി എന്നറിയപ്പെടും. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൂടാതെ അഞ്ച് മുതല്‍ ഏഴ് വരെ ക്‌ളാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കുറഞ്ഞ യോഗ്യത ബിരുദം ആയിരിക്കും. ഒന്ന് മുതല്‍ നാല് വരെ ക്‌ളാസുകളിലെ അധ്യാപകരുടെ യോഗ്യത പ്‌ളസ് ടുവും ഡി.എല്‍.എഡും ആയി തുടരാം. എന്നാല്‍ 2030 മുതല്‍ ഇവര്‍ക്ക് ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും വേണം.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഇനി സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നറിയപ്പെടും. പത്താം ക്ലാസ് വരെ മാത്രമുള്ളവ ലോവര്‍ സെക്കന്‍ഡറിയാവും. ഏഴാം ക്‌ളാസ് വരെയുള്ളവ പ്രൈമറി സ്‌കൂളുകളാവും. നാല്, അഞ്ച് വരെയുള്ളവ ലോവര്‍ പ്രൈമറി സ്‌കൂളുകളാവും. ലോവര്‍ പ്രൈമറിയിലും ഹെഡ്മിസ്ട്രസ് / ഹെഡ്മാസ്റ്റര്‍ മാറി എല്ലാ വിഭാഗം സ്‌കൂളുകളുടെയും മേധാവികള്‍ പ്രിന്‍സിപ്പല്‍മാരാവും.