വരാപ്പുഴ: മലയാളക്കരയില്‍ ആദ്യമായി കത്തോലിക്കാ സന്ന്യാസിനീ ജീവിതം ക്രമപ്പെടുത്തി അനേകായിരം സമര്‍പ്പിതരുടെ അമ്മയാവുകയും വിദ്യാദാനത്തിലൂടെ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനു വഴിതെളിക്കുകയും ചെയ്ത ധന്യയായ മദര്‍ ഏലീശ്വയുടെ വീരോചിത സുകൃതങ്ങള്‍ ദൈവമഹത്വം ലക്ഷ്യമാക്കിയുള്ള സ്നേഹശുശ്രൂഷയുടെ അദ്വിതീയ മുദ്രകളാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വയെ സാര്‍വത്രിക സഭ ധന്യയായി അംഗീകരിച്ചതിന് കേരളസഭയുടെയും സമൂഹത്തിന്റെയും കൃതജ്ഞതാപ്രകാശനത്തില്‍ മദര്‍ ഏലീശ്വയുടെ പൂജ്യഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിട്ടുള്ള വരാപ്പുഴ ദ്വീപിലെ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തില്‍ സാഘോഷ സ്തോത്രബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മികനായി ആമുഖ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍. ധന്യയായ ഏലീശ്വയുടെ ഛായാചിത്രം അള്‍ത്താരയില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അനാച്ഛാദനം ചെയ്തു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍, ഝാന്‍സി ബിഷപ് ഡോ. പീറ്റര്‍ പറപ്പിള്ളില്‍, ലഖ്നൗ ബിഷപ് ഡോ. ജെറാള്‍ഡ് ജോണ്‍ മത്തിയാസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.