കോവളം: ആഴാകുളം ക്രിസ്തുരാജ ദൈവാലയത്തിൽ ലോകസമാധാന ദിനമാചരിച്ച് ക്രിസ്തുരാജ തിരുനാളിന് തുടക്കം കുറിച്ചു. തിരുനാൾ കൊടിയേറ്റത്തിന് മുമ്പായി നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഇതര മതസ്ഥരും പങ്കെടുത്തു. ആഴാകുളം ഭഗവതി ക്ഷേത്ര പ്രതിനിധി ശ്രീ. സുകുമാരൻ നായർ വിഴിഞ്ഞം ഠൗൺഷിപ്പ് ജുമാ അത്ത് ഇമാം ശ്രീ. അയൂബ് എന്നിവരോടൊപ്പം ഇടവക വികാരി ഫാ. യൂജിൻ ബ്രിട്ടോ ദൈവാലയാങ്കണത്തിൽ ഒലിവ് തൈ നട്ട് ലോകസമാധാനത്തിനായി പ്രത്യേകം പ്രാർത്ഥന നടത്തി.
തുടർന്ന് ഫാ. ലെനിൻ ഫർണ്ണാണ്ടസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിലും ലോകസമാധനമായിരുന്നു വിചിന്തന വിഷയം. ക്രിസ്തു: സമാധാന പാലകനായ ദൈവപുത്രൻ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. ലോറൻസ് കുലാസ് വചന വിചിന്തനം നടത്തി. തിരുനാളിന്റെ തുടർന്നുള്ള ദിനങ്ങളിലും വിവിധങ്ങളായ പദ്ധതികൾ നടത്തിയാണ് തിരുനാളാഘോഷം നടക്കുന്നത്. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കടിമപ്പെട്ടവരുടെ വിമോചനത്തിനായുള്ള പദ്ധതി, വയോജന ദിനത്തിൽ വയോജന കൂട്ടായ്മ രൂപീകരണം, ദമ്പതി ദിനത്തിൽ വിവാഹ സഹായ പദ്ധതി, കടലോർമ്മ ദിനത്തിൽ ഭവന സഹായ പദ്ധതി, വിദ്യാർത്ഥികൾക്ക് പഠന സഹായ പദ്ധതി, ചികിത്സാ സഹായ പദ്ധതി, ഏകസ്ഥരുടെ ആത്മീയ പരിചരണം തുടങ്ങി മാതൃകാപരമായ കാരുണ്യപദ്ധതികൾ തിരുനാളിന്റെ ഓരോ ദിനങ്ങളിലും തുടക്കം കുറിക്കും.