പതിനാറാമത് സാധാരണ സിനഡിന്റെ വലിയതുറ ഫെറോനാ തല ഉദ്ഘാടനം നിർവ്വഹിച്ച് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. ഒക്ടോബർ മാസം 10ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത സിനഡിന്റെ ഫെറോനാ തല ഉദ്ഘാടനമാണ് 24അം തിയ്യതി നിർവഹിച്ചത്. 2023 ഒക്ടോബർ മാസം മെത്രാന്മാർ മാത്രമടങ്ങുന്ന സാധാരണ സിനഡിന് വേണ്ടിയാണ് ഓരോ രൂപതയിലും ഫെറോനയിലും സിനഡ് പ്രഖ്യാപനം നടക്കുന്നത്.
ഐക്യത്തോടെ മുന്നേറുന്നതിനും ശ്രവിക്കലിന്റെയും കാണലിന്റെയും യാത്രയിൽ യേശുവിൽ നിന്ന് കിട്ടിയ രക്ഷ എല്ലാവരുമായി പങ്കുവെക്കുന്നതിനും ഒരുമയോടെ പ്രവർത്തിക്കുവാൻ അഭിവന്ദ്യ പിതാവ് സിനഡ് പ്രഖ്യാപനത്തിലൂടെ ആഹ്വാനം ചെയ്തു. രക്ഷയും സൗഖ്യം സ്വീകരിച്ച നാമോരോരുത്തരും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതാണ് യഥാർത്ഥ പ്രേഷിത ദൗത്യമെന്നും മിഷൻ ഞായർ ആചരണ ദിനം കൂടിയായ ഇന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശംഖുമുഖം വിശുദ്ധ ജോൺ പോൾ രണ്ടാമൻ കപ്പേളയിൽ നടന്ന വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളിൽ മുഖ്യകാർമികത്വം വഹിച്ച് കുർബാനയർപ്പിക്കുന്ന വേളയിലാണ് വലിയതുറ ഫെറോന തല സിനഡ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചത്.
ഫെറോന വികാരി റവ. ഡോ. ഹൈസെന്ത്. എം. നായകം, വില്ല പാദുവാ സുപ്പീരിയർ റവ. ഫാ. ഗോഡ്ഫ്രെ, സ്ഥലം എംഎൽഎയും ഗതാഗത മന്ത്രിയുമായ ആന്റണി രാജു, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി, ഫെറോനയിലെ 11 സന്യാസ ഭവനത്തിലെ സന്യാസ പ്രതിനിധികൾ, അല്മായ പ്രതിനിധികൾ, ഫെറോന പ്രതിനിധികൾ, ഹോളിക്രോസ് സന്യാസ സഭയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.