ആലുവ: സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടു നില്ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ ഒരു ബന്ധമാണ് വിവാഹമെന്നിരിക്കെ സ്വവർഗഭോഗ പ്രവണതയുള്ള രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുന്ന സമ്പ്രദായത്തെ വിവാഹമെന്ന് വിളിക്കാൻ സാധിക്കില്ല.
കുഞ്ഞുങ്ങൾക്ക് ദാമ്പത്യത്തിനുള്ളിൽ നിന്നുകൊണ്ട് മാതാവിന്റെയും പിതാവിന്റെയും സ്നേഹത്തിൽ വളരാനുള്ള അവകാശമുണ്ട്. ഇപ്പോൾ വന്നിരിക്കുന്ന സുപ്രീംകോടതിയുടെ വിധിയിലൂടെ കുഞ്ഞുങ്ങളുടെ ഈ അവകാശത്തെ ഉറപ്പിക്കുന്നു. സ്വവർഗഭോഗ വാസനയുള്ളവരെ എല്ലാവിധ ആദരവോടും സഹാനുഭൂതിയോടും കലവറയില്ലാതെ സ്നേഹിക്കുമ്പോഴും വ്യക്തിസ്വാതന്ത്ര്യമെന്ന പേരിൽ രാജ്യത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ നിലനില്പിന് ദോഷം ചെയ്യുന്ന പ്രവണതകൾക്കെതിരെ പുറപ്പെടുവിക്കുന്ന ഇത്തരം വിധികൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്നു. കുടുംബ ബന്ധങ്ങളുടെ പവിത്രതയും മഹത്വവും കാത്തുസൂക്ഷിക്കുന്ന രാജ്യത്തെ പരമോന്നത നിയമസംവിധാനങ്ങളെ അഭിനന്ദിക്കുന്നതായും ഹൃദയങ്ങളെ നിശ്ചലമാക്കാൻ ഞങ്ങൾക്കാവില്ലായെന്ന് പറഞ്ഞ് ജീവന്റെ മഹത്വം വെളിപ്പെടുത്തി ജീവന് സംരക്ഷണമേകുന്ന വിധിപ്രസ്താവനയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായും ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിലും സെക്രട്ടറി ഫാ. ഡോ. എ. ആർ. ജോണും പ്രസ്താവനയിൽ പറഞ്ഞു.