വലിയതോപ്പ്: വേനലവധിക്കാലം ഉല്ലാസഭരിതമാകാനും ഭാവിജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച നല്കാനും സഹായിക്കുന്ന ജീവിത ദർശന ക്യാമ്പ് ഒരുക്കി സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന. ‘വേനൽ മഴ’ എന്ന പേരിൽ നടത്തുന്ന ക്യാമ്പ് വലിയതോപ്പ് സെന്റ്. റോക്സ് സ്കൂളിൽ ഏപ്രിൽ 22 തിങ്കളാഴച ആരംഭിച്ചു. അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപത കോഡിനേറ്റർ ശ്രീമതി രമ്യ ജോസ് ആമുഖ സന്ദേശം നല്കി. ഫോറോന സ്ത്രീ – ശിശു സമിതിയംഗം ശ്രീമതി ദീപ്തി, വോളണ്ടിയർ ശ്രീമതി അനു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
“വേനൽ മഴ” എന്ന പേരിനെ അന്വർത്ഥമാക്കുംവിധം കുട്ടികളിലെ സർഗ്ഗശേഷി വളർത്താനുതകുന്ന കളികളും കഥകളുമുൾപ്പെടെ ഒത്തിരി പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 24 ന് സമാപിക്കുന്ന ക്യാമ്പിൽ ഫൺ ആൻഡ് ക്രിയേറ്റിവ് ആക്ഷൻ പ്രോഗ്രാം, മെഡിറ്റേഷൻ, ജീവിത നൈപുണ്യ വികസന പരിശീലനം, വിവിധ തൊഴിലുകളെ കുറിച്ചുള്ള അവബോധനം, കൗൺസിലിംഗ്, സംവാദം തുടങ്ങിയ വിപുലമായജീവിത ദർശന പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നതെന്ന് ആനിമേറ്റർ ശ്രീമതി ഷീജ വ്യക്തമാക്കി.