വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാല ഫെറോനതലത്തിൽ നടന്നു. ജനുവരി 11 വ്യാഴാഴ്ച രാവിലെ വെള്ളയമ്പലത്ത് നടന്ന ശില്പശാലയ്ക്ക് സി.സി.ബി.ഐ വൊക്കേഷൻ, സെമിനാരീസ്, ക്ലർജി & റിലീജിയസ് കമ്മിഷൻ സെക്രട്ടറിയും അതിരൂപതാംഗവുമായ ഫാ. ചാൾസ് ലിയോൺ നേതൃത്വം നൽകി. അതിരൂപതയിലെ ഫെറോനകളിൽ വിവിധ ചുമതലകൾ വഹിക്കുന്നവർ പങ്കെടുത്തു. ശുശ്രൂഷ കോ-ഓർഡീനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സ്വാഗതമേകി.
2033- ൽ ആഗോളസഭ മഹാജൂബിലി വർഷത്തിലേക്കും, 2037-ൽ തിരുവനന്തപുരം അതിരൂപത ശതാബ്ദിയിലേക്കും പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ അതിരൂപത കൈവരിക്കേണ്ട വളർച്ചയുടെ ദിശകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് സ്ട്രാറ്റജിക് പ്ലാനിംഗ്. ഇടവകതലം മുതൽ പ്ളാനിംഗ് ബഡ്ജറ്റ് രൂപീകരിച്ച് പദ്ധതികൾ നടപ്പിലാക്കുന്ന ചുരുക്കം ചില രുപതകളിലൊന്നാണ് തിരുവനന്തപുരം അതിരൂപത. അതിനാൽതന്നെ സ്ട്രാറ്റജിക് പ്ലാനിംഗ് നടപ്പിലാക്കുന്ന നടപടിക്രമങ്ങളിലേക്ക് കടക്കുന്ന ആദ്യ രൂപതയായി തിരുവനന്തപുരം അതിരൂപത മാറി.
ശില്പാശാലയിൽ സ്ട്രാറ്റജിക് പ്ലാനിംഗ് എന്താണെന്നും അതുകൊണ്ടുള്ള നേട്ടങ്ങൾ, നടപ്പിലാക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് ഫാ. ചാൾസ് ലിയോൺ വിശദീകരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകളിൽ ഭാവിയിൽ സഫിലീകരിക്കേണ്ട ലക്ഷ്യങ്ങളെ കണ്ടെത്തുകയായിരുന്നു വിഷയം. വരും ദിവസങ്ങളിൽ ഇടവക പ്രതിനിധികൾ പങ്കെടുക്കുന്ന പാസ്റ്ററൽ കൗൺസിൽ കൂടിവരവിലും സ്ട്രാറ്റജിക് പ്ലാനിംഗ് പരിശീലനം നടക്കും.