കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്‍റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു. ഇന്നു ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പിഓസിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം കെസിബിസിയെ നയിക്കുക.
മലബാറിന്റെ അമ്മയായ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും അതിന്റെ മെത്രാപ്പോലീത്തയായി വർഗീസ് ചക്കാലക്കൽ പിതാവിനെ പാപ്പ നിയമിക്കുകയും ചെയ്ത സന്തോഷത്തിന്റെ നിറവിലായിരിക്കുമ്പോള്‍ തന്നെയാണ് കെസിബിസിയുടെ അമരക്കാരനായി പുതിയൊരു ഉത്തരവാദിത്വം വർഗീസ് ചക്കാലക്കൽ പിതാവിനു ലഭിക്കുന്നത്. 1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു.
കോഴിക്കോട് രൂപതയ്ക്ക് വേണ്ടി ഒരു വൈദികന് ആകണം എന്നുള്ള തീവ്രമായ ആഗ്രഹത്തോടു കൂടി വൈദിക പരിശീലനം ആരംഭിച്ചു. മംഗലാപുരത്ത് നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂര്‍ത്തിയാക്കി. 1981 ഏപ്രിൽ രണ്ടാം തീയതി കോഴിക്കോട് കത്തീഡ്രല്‍ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാക്സ്-വെൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാക്കം, ചാലിൽ, വെസ്റ്റ്ഹിൽ, ഏഴിമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. 1992 മുതല്‍ മംഗലാപുരം സെന്റ് ജോസഫ് മേജര് സെമിനാരിയില്‍ പ്രൊഫസറായും ഡീന് ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി ദൈവം വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിനെ ഉയര്‍ത്തിയത്.
1998ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെആർഎൽസിബിസി) അധ്യക്ഷന്‍ കൂടിയാണ്. ശുശ്രൂഷയിൽ അതീവ തത്പരൻ, ദൈവശാസ്ത്രജ്ഞൻ, മികച്ച വാഗ്മി, സഭാനിയമ വിദഗ്ഗൻ, ദൈവജനത്തിന്റെ സ്വന്തം പിതാവ്, ജനകീയ പിതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
